SignIn
Kerala Kaumudi Online
Monday, 25 May 2026 7.47 AM IST

കണ്ണീരായി ഋതുചന്ദ്ര മോൾ പാമ്പ് ഭീഷണിയിൽ കാസർകോടും

sneke

കാസർകോട്: പാമ്പ് കടിയുടെ ഭീതിയിലേക്ക് കാസർകോട് ജില്ലയും. മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന എളേരിയിലെ നാലരവയസുകാരി ഋതുചന്ദ്ര കണ്ണീരോർമ്മയായതിന്റെ ഞെട്ടലിലാണ് നാട്. നാലുദിവസത്തെ കഠിനശ്രമവും ഫലവത്താകാതെയാണ് ഈ കുരുന്നിന് ജീവൻ നഷ്ടപെട്ടത്.

ജില്ലയിലെ പലയിടത്തും വീടുകളിലും പറമ്പുകളിലും പാമ്പുകൾ വ്യാപകമായി എത്തുന്ന സ്ഥിതിയുണ്ട്. എടാട്ടുമ്മലിലെ ഒരു വീടിന് മുന്നിലേക്ക് ഇന്നലെ വലിയ പാമ്പ് ഇഴഞ്ഞെത്തി. വീട്ടുകാർ കണ്ടതിനാൽ അകത്തേക്ക് കയറിയില്ല. മേശവലിപ്പിൽ ഒളിച്ച പാമ്പ് സ്വർണ്ണ മോതിരം അണിഞ്ഞ സംഭവം കാസർകോട് അഡൂരിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വേനൽക്കാലം കടുക്കുന്നതോടെ അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കുന്നത് പാമ്പുകൾ തങ്ങളുടെ സ്വാഭാവിക വാസസ്ഥലങ്ങളിൽ നിന്നും തണുപ്പ് തേടി ജനവാസ മേഖലകളിലേക്കും വീടുകൾക്കുള്ളിലേക്കും ഇറങ്ങുന്നതാണ് സ്ഥിതി അപകടകരമാക്കുന്നത്. ഈ സാഹചര്യത്തിൽ പാമ്പ് കടിയേൽക്കാനുള്ള സാദ്ധ്യത വളരെ കൂടുതലായതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് വനം, ആരോഗ്യവകുപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിഭ്രാന്തരാകാതെ കൃത്യമായ മുൻകരുതലുകൾ എടുത്താൽ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അധികൃതർ വിശദീകരിക്കുന്നു.


പാമ്പ് കടിയേറ്റാൽ ഉടൻ ചെയ്യേണ്ടത്

കടിയേറ്റ സഥലത്ത് നിന്നും സാവധാനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക.

കടിയേറ്റയാളിന് ആത്മവിശ്വാസം പകരുക ഭയവും പരിഭ്രാന്തിയുമുണ്ടായാൽ രക്തചംക്രമണം കൂടുകയും വൃക്ക, മസ്തിഷ്‌കം, ഹൃദയം തുടങ്ങിയ അവയവങ്ങളിലേക്ക് വിഷം പെട്ടെന്ന് എത്തുകയും ചെയ്യും

 കടിയേറ്റ ഭാഗത്ത് ഒന്നും ചെയ്യാതെ അതുപോലെ തന്നെ വെക്കുക / ചലിപ്പിക്കാതിരിക്കുക.

കടിയേറ്റ കൈകാലുകളിൽ നിന്നും ഷൂസ്, ബെൽറ്റ്, മോതിരം, വാച്ച്, ആഭരണങ്ങൾ, മുറുകിക്കിടക്കുന്ന വസ്ത്രം എന്നിവ അഴിച്ചു മാറ്റുക.

കടിയേറ്റയാളിനെ തല ചരിച്ചു വെച്ച്, കൈകൊണ്ട് മുഖത്തെ താങ്ങി നിർത്തുന്ന രീതിയിൽ, ഇടത്തോട്ട് ചരിച്ച് വലതു കാൽ മടക്കി കിടത്തുക

വാഹന സൗകര്യം ലഭ്യമായാലുടൻ കടിയേറ്റയാളെ അടിയന്തിര ചികിത്സക്കായി തൊട്ടടുത്ത ആന്റി സ്നേക്ക് വെനം (ASV) നൽകുന്ന ആശുപത്രിയിൽ എത്തിക്കുക.

കടിച്ച പാമ്പിനെ പിടിക്കാൻ ശ്രമിക്കരുത്

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കാതിരിക്കുക. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കരുത്.കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ അരുത്. മുറിവിന് മുകളിൽ രക്തയോട്ടം കുറയ്ക്കാനായി മുറുക്കിക്കെട്ടരുത്. കടിയേറ്റയാളിനെ മലർത്തിക്കിടത്തിയാൽ ശ്വാസതടസ്സം ഉണ്ടാകാനിടയുണ്ട്.

ആന്റി വെനം ലഭ്യമാണ്

ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ,കാസർകോട് മെഡിക്കൽ കോളേജ്,കാസർകോട് ജനറൽ ആശുപത്രി,നീലേശ്വരം ,മുളിയാർ ,പൂടംകല്ല് ,മംഗൽപാടി താലൂക്ക് ആശുപത്രികൾ,

കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ഹോസ്പിറ്റൽ, കാസർകോട് കെയർവെൽ ഹോസ്പിറ്റൽ, ചെങ്കള ഇ.കെ.നായനാർ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കിംസ് സൺറൈസ് ഹോസ്പിറ്റൽ, കാസർകോട് കെ.എസ് അബ്ദുള്ള ഹോസ്പിറ്റൽ, കാസർകോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, കാസർകോട് സി.എം.ഹീലിംഗ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, അരമന ഫാത്തിമ ഹോസ്പിറ്റൽ,

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, PAMP STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL