SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.58 AM IST

മുനമ്പം വീണ്ടും ചൂടേറുന്നു

photo

വൈപ്പിൻ: മുനമ്പത്ത് 610 കുടുംബങ്ങളുടെ കൈവശമുള്ള ഭൂമി വഖഫാണെന്നുള്ള വഖഫ് ബോർഡിന്റെ അവകാശവാദത്തെ ചെറുത്തുതോൽപ്പിക്കാൻ 414 ദിവസം മുനമ്പത്ത് പള്ളിയങ്കണത്തിൽ സമരം നടത്തിയ മുനമ്പം സംരക്ഷണ സമിതി വീണ്ടും സമരരംഗത്തേക്ക്. വിവാദ ഭൂമി കേന്ദ്രസർക്കാരിന്റെ വക വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള ഉമീദ് പോർട്ടലിൽ കേരള വഖഫ് ബോർഡ് രജിസ്റ്റർ ചെയ്തതാണ് പ്രകോപനം.

വഖഫ് ബോർഡ് പിരിച്ചുവിടണമെന്നാണ് സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. ഈ ആവശ്യം മുഖ്യമന്ത്രി മുമ്പാകെയും ഉന്നയിക്കും. മുസ്‌ളീം ലീഗ് സർക്കാരിന്റെ ഭാഗമായതിനാലും ഈ പ്രശ്‌നത്തിൽ അവർക്ക് വഖഫ് ബോർഡിനെ തള്ളിപ്പറയാൻ സാധിക്കാത്തതിനാലും പ്രശ്‌നം സങ്കീർണമാകാനും ഇടയുണ്ട്.

വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് തങ്ങൾ അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്ന് പ്രഖ്യാപിച്ചതും സമരക്കാർ ഓർമ്മിപ്പിക്കുന്നു.

മുനമ്പം ഭൂമി വഖഫല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മുനമ്പം ഭൂമി വഖഫ് ആണെന്ന് കണ്ടാലും കൈവശക്കാർക്ക് ഭൂമിയുടെ അവകാശം നൽകണമെന്നാണ് മുനമ്പം ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടെന്നും സമരസമിതിയിലുള്ളവർ വാദിച്ചു. കൈവശക്കാർക്ക് ഭൂമി വിറ്റ കോഴിക്കോട് ഫാറൂഖ് കോളേജ് വഖഫ് ബോർഡിന് നഷ്ടപരിഹാരം നൽകണമെന്നാണ് ശുപാർശ.

ഇല്ലാത്ത ഭൂമിക്ക് അവകാശവാദം

മുനമ്പത്ത് 404.76 ഏക്കർ ഭൂമി വഖഫാണെന്ന് അവകാശം ഉന്നയിച്ചാണ് വഖഫ് ബോർഡ് ഇപ്പോൾ ഉമിദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. 112 ഏക്കർ കരഭൂമിയും 62 ഏക്കർ ജലാശയവുമാണ് നിലവിലുള്ളത്. ബാക്കി കടലെടുത്തു പോയി. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇല്ലാത്ത ഭൂമിക്ക് ബോർഡ് അവകാശവാദം ഉന്നയിക്കുന്നത്. മുനമ്പത്തെ ഭൂമിക്ക് പകരം കാസർകോട് സർക്കാർ വക 400 ഏക്കർ സ്ഥലം വഖഫ് ബോർഡിന് നൽകിയുള്ള ഒത്തുതീർപ്പ് ഫോർമുല വീണ്ടും പരിഗണിക്കുന്നതായും സൂചനയുണ്ട്.

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വഖഫ് ബോർഡ് നടപടിക്കെതിരെ സർക്കാർ നിയമപരമായി നീങ്ങുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
ജോസഫ്‌ബെന്നി കറുപ്പശ്ശേരി, കൺവീനർ,

മുനമ്പം ഭൂസംരക്ഷണസമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL