SignIn
Kerala Kaumudi Online
Monday, 25 May 2026 9.32 AM IST

എത്തിയത് ഹോട്ടൽ ജോലിക്ക്; പൊടിപൊടിച്ചത് കഞ്ചാവ് കച്ചവടം

selva

* 21 കിലോ കഞ്ചാവുമായി അറസ്റ്റിലായ സെൽവരാജ് ഒരുമാസം വിൽക്കുന്നത് കുറഞ്ഞത് 10 കിലോ

കൊച്ചി: കഴിഞ്ഞദിവസം എക്സൈസ് സ്പെഷ്യൽ സ്ക്വാ‌ഡ് 21കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്ത തമിഴ്നാട് മധുര സ്വദേശി സെൽവരാജ് 20 കൊല്ലം മുമ്പ് കൊച്ചിയിലെത്തിയത് ഹോട്ടൽ ജോലിക്ക്. എറണാകുളത്ത് തട്ടുകടകളിലും ചെറുകിട ഹോട്ടലുകളിലും പണിയെടുക്കുന്നതിനിടെ ഏഴുകൊല്ലം മുമ്പാണ് കഞ്ചാവ് വില്പനയിലേക്ക് തിരിഞ്ഞത്. കുറഞ്ഞ നാളുകൾക്കുള്ളിൽ എറണാകുളത്തെ കഞ്ചാവ് വിതരണത്തിന്റെ പ്രധാനികളിൽ ഒരാളായി മാറിയെങ്കിലും ഒരിക്കൽപ്പോലും പിടിക്കപ്പെട്ടില്ല. തിങ്കളാഴ്ച മുട്ടത്ത് നിന്ന് രണ്ടുകിലോ കഞ്ചാവുമായി പിടിയിലാകും വരെ എക്സൈസിനും ഇയാളെക്കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. പൊന്നുരുന്നി മാർഷലിംഗ് യാർഡിന് സമീപം വാടക വീട്ടിൽ നിന്ന് 19 കിലോ കഞ്ചാവ് കൂടി പിടിച്ചെടുത്തതോടെയാണ് സെൽവരാജിന്റെ ബിസിനസിന്റെ പൂർണചിത്രം പുറത്തായത്.

ഒരു കിലോ കഞ്ചാവിൽ നിന്ന് 50,000 രൂപ

പിടിച്ചെടുത്ത 21 കിലോ കഞ്ചാവ് ‌കൊച്ചിയിലെത്തിയത് ഞായറാഴ്ച. മൂന്ന് പേരാണ് എത്തിച്ചുകൊടുത്തത്. ഒരുമാസം സെൽവരാജ് കുറഞ്ഞത് 10 കിലോ വിറ്റഴിക്കും. രണ്ട് രീതിയിലായിരുന്നു വില്പന. ചെറുകിട വിതരണക്കാർക്ക് കിലോയ്ക്ക് 25,000 രൂപയ്ക്ക് കൈമാറും. ഇതിനേക്കാൾ ലാഭം കിട്ടുന്നതാണ് പൊതിക്കച്ചവടം. രണ്ട് ഗ്രാമിന്റെ പൊതിക്ക് ഈടാക്കുന്നത് 500 രൂപ, ഒരു കിലോ കഞ്ചാവിൽ നിന്ന് 200 പൊതികളുണ്ടാക്കും. ഈവകയിലും മാസം പെട്ടിയിൽ 50,000 രൂപ വീഴും.

മെട്രോ പില്ലർ തുണ

ചെറുകിട ഏജന്റുമാരുമായി സെൽവരാജ് നേരിട്ട് ഇടപെടില്ല. സുഹൃത്തുക്കളുടെ ഓട്ടോകളിലും വാഹനങ്ങളിലുമാണ് കൊടുത്തയക്കുന്നത്. സാധനം എത്തിക്കുന്നിടത്ത് പണം കൈമാറണം. ഗൂഗിൾ അക്കൗണ്ട് ഇടപാടില്ല. കൊച്ചി മെട്രോ പില്ലറുകൾക്ക് സമീപത്ത് വച്ച് കൈമാറുന്നതാണ് രീതി. പില്ലർ നമ്പർ നേരത്തേ അറിയിക്കും. മുട്ടത്ത് നിന്ന് എക്സൈസിന്റെ പിടിയിലായതും പില്ലറിന് സമീപത്ത് നിന്നായിരുന്നു. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം നിമിത്തം സെൽവരാജ് നേരിട്ടെത്തിയപ്പോഴാണ് എക്സൈസിന്റെ കെണിയിൽപ്പെട്ടത്.

കടത്താൻ യുവതികൾ

പെരുമ്പാവൂർ മേഖലയിലുള്ള അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പശ്ചിമബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നാണ്

കഞ്ചാവ് കടത്ത്. ട്രെയിനുകളിൽ സ്ളീപ്പർ, തേഡ് എയർ കണ്ടീഷൻ കോച്ചുകളിൽ ടിക്കറ്റ് ബുക്ക് ചെയ്താണ് ഇവരുടെ യാത്ര. എറണാകുളം ഭാഗത്ത് എത്തുമ്പോൾ ട്രെയിനിൽ നിന്ന് ട്രാക്കിന് സമീപത്തേക്ക് എറിഞ്ഞ് കൊടുക്കും. ഈ രംഗത്ത് സജീവമാണെങ്കിലും സെൽവരാജിന്റെ ബാങ്ക് നിക്ഷേപത്തെക്കുറിച്ച് എക്സൈസിന് വിവരങ്ങൾ ലഭ്യമായിട്ടില്ല. പണം മുഴുവൻ മധുരയിൽ ചെലവഴിക്കുകയോ, നിക്ഷേപിക്കുകയോ ചെയ്യുന്നതായി കരുതുന്നു. ഇതേപ്പറ്റി തുടരന്വേഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, GANJA TRADE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL