SignIn
Kerala Kaumudi Online
Monday, 25 May 2026 9.40 AM IST

മമ്മൂട്ടിയുടെ സഹായഹസ്തം, ആഞ്ചലോ ശബ്ദലോകത്തേക്ക്

mammutty
കോക്ലിയർ ഇംപ്ലാന്റിന്റെ സ്വിച്ച് ഓൺ നിർവഹിച്ച ശേഷം ആഞ്ചലോയെ നടൻ മമ്മൂട്ടിയുടെ ആശംസ സന്ദേശം കേൾപ്പിച്ചപ്പോൾ.

ആലുവ: ഇടുക്കി ചെമ്മണ്ണാർ സ്വദേശികളായ ജെയ്‌സൺ - ആൻഷ ദമ്പതികളുടെ നാല് വയസുകാരനായ മകൻ ആഞ്ചലോയ്ക്ക് ഇത് പുതിയ ലോകമാണ്. ജന്മനാ കേൾവി ശേഷിയില്ലാതിരുന്ന കുഞ്ഞിന് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടപ്പിലാക്കുന്ന 'കാതോട് കാതോരം" പദ്ധതിയിലൂടെ പുതുജീവിതം ലഭിച്ചു.

കർഷകനായ ജെയ്‌സണ് മകന്റെ കോക്ലിയർ ഇംപ്ലാന്റേഷൻ ചികിത്സയ്ക്കായി വേണ്ടിവരുന്ന 12 ലക്ഷത്തോളം രൂപ കണ്ടെത്തുക അസാദ്ധ്യമായിരുന്നു. ഇതിനിടെ ബന്ധു വഴി ആഞ്ചലോയുടെ മാതാവ് കാതോട് കാതോരം പദ്ധതിയെക്കുറിച്ച് അറിഞ്ഞതോടെയാണ് പുതുവഴി തെളിഞ്ഞത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തുന്നതിനായി മമ്മൂട്ടി മുൻകൈ എടുത്ത് ആരംഭിച്ച പദ്ധതിയാണ് കാതോട് കാതോരം.

രാജഗിരിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചപ്പോൾ ആഞ്ചലോ ആദ്യമായി ശബ്ദം കേട്ടു. അതും മമ്മൂട്ടിയുടെ.

മമ്മൂട്ടിയുടെ വാത്സല്യം കലർന്ന വാക്കുകൾ ഇങ്ങനെ. 'മോനെ ആഞ്ചലോ, ഞാൻ മമ്മൂട്ടിയാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന, ടി.വിയിലൊക്കെ കാണുന്ന മമ്മൂക്ക. നന്നായി പഠിക്കണം, മിടുക്കനായി വളരണം.."

രാജഗിരി ആശുപത്രി ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇംപ്ലാന്റ് സർജൻ ഡോ. സജിത്ത് അബ്രാഹാം, ഡോ. ജിത്തു സക്കറിയ, ഡോ. ജോജി ആന്റണി, ഡോ. സൗമ്യ മേരി തോമസ്, ഇംപ്ലാന്റ് കോഓർഡിനേറ്റർ എൽജി എം. മാത്യു, സീനിയർ ഓഡിയോളജിസ്റ്റ് അബിൻ ലാസർ, സീനിയർ തെറാപ്പിസ്റ്റ് സാറ പോൾ എന്നിവർ ചികിത്സയിൽ പങ്കാളികളായി.

കോക്ലിയർ ഇംപ്ലാന്റേഷൻ

ഉൾക്കാതിലെ തകരാറുകൾ മൂലം നിശബ്ദതയിലായവർക്ക് ശബ്ദതരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി നേരിട്ട് ശ്രവണനാഡിയിലേക്ക് എത്തിക്കുന്ന കോക്ലിയർ ഇംപ്ലാന്റേഷൻ സാങ്കേതികവിദ്യ ഒരു പുതുജീവിതമാണ് സമ്മാനിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, MAMMOOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL