SignIn
Kerala Kaumudi Online
Monday, 25 May 2026 9.38 AM IST

മണ്ണെണ്ണ വിലവർദ്ധനയിൽ താളം തെറ്റി മത്സ്യമേഖല

ആലപ്പുഴ : മത്സ്യലഭ്യതക്കുറവിൽ പ്രതിസന്ധിയിലായ തീരദേശത്തിന് ഇരട്ടിപ്രഹരമായി മണ്ണെണ്ണ വിലവർദ്ധനവ്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന മണ്ണെണ്ണ വിരലിലെണ്ണവുന്ന ദിവസങ്ങളിലേക്കു മാത്രമേ തികയൂവെന്നിരിക്കെ മാസത്തിന്റെ ബാക്കിദിനങ്ങളിൽ ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിനിറങ്ങേണ്ടിവരും. . ലിറ്ററിന് 103രൂപയായിരുന്ന മണ്ണെണ്ണ വില 52.37രൂപ വർദ്ധിപ്പിച്ച് 155.37 രൂപയായാണ് ഉയർത്തിയത്.

ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ തീരം ചൂടുപിടിക്കുന്നതിനാൽ മത്സ്യങ്ങൾ ആഴക്ക‌ടലിലേ കാണപ്പെടുകയുള്ളൂവെന്നതിനാൽ തീരദേശത്ത് മാത്രമായി പ്രവർത്തിക്കുന്ന പരമ്പരാഗതയാനങ്ങൾക്ക് കൂടുതൽ ദൂരവും സമയവും താണ്ടിയാൽ മാത്രമേ മത്സ്യബന്ധനം സാദ്ധ്യമാവുകയുള്ളൂ. ഇന്ധനം കൂടുതൽ വേണ്ടിവരുന്ന ഈ മാസങ്ങളിൽ മണ്ണെണ്ണ വിലവർദ്ധനവ് തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കും.

കേരളത്തിൽ സർക്കാർ അംഗീകാരം ലഭിച്ച 14,342 എൻജിനുകൾക്ക് മത്സ്യഫെഡിന്റെ പമ്പുകൾ വഴി പ്രതിമാസം 140 മുതൽ 190 ലിറ്റർ വരെ മണ്ണെണ്ണ സബ്‌സിഡി നിരക്കിൽ ലഭിക്കുന്നുണ്ട്. ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇതുവരെ മേഖലയ്ക്ക് നൽകിയിരുന്ന 25 രൂപയുടെ സബ്‌സിഡിക്കു പകരം തിരഞ്ഞെടുപ്പ് കാലത്ത് 50രൂപ നൽകിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതും ലാഭമല്ലാതായി മാറി.

മത്സ്യത്തൊഴിലാളികൾക്ക് 25 രൂപയ്ക്ക് മണ്ണെണ്ണ നൽകുമെന്ന് അഞ്ചുവർഷം മുമ്പ് നിയമസഭയിൽ ബഡ്ജറ്റ് അവതരണത്തിൽ മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.

സബ്സിഡി എണ്ണ ഒന്നിനും തികയില്ല

 വില വർദ്ധിച്ചതോടെ, 50തൊഴിലാളികൾ കയറുന്ന ഒരു ഇൻബോർഡ് വള്ളത്തിന് പ്രതിദിനം ശരാശരി 40,000 രൂപ ഇന്ധനത്തിന് ചെലവാകും

 സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന മണ്ണെണ്ണ ഏതാനും ദിവസങ്ങളിലെ ഉപയോഗത്തിന് മാത്രമേ തികയുകയുള്ളൂ. ബാക്കി ദിവസങ്ങളിൽ കൂടിയ വിലയ്ക്ക് വാങ്ങണം.

 ഇൻബോർഡ് എൻജിൻ യാനങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന ഔട്ട്‌ ബോർഡ് കാരിയർ വള്ളങ്ങൾക്ക് 40 എച്ച്.പിയുടെ മൂന്ന് യൂണിറ്റുകൾ വരെ ആവശ്യമാണ്

 40 എച്ച്.പിയുടെ ഒരു യൂണിറ്റിന് മണിക്കൂറിൽ കുറഞ്ഞത് 20 ലിറ്റർ മണ്ണെണ്ണ വേണ്ടിവരുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്

കൂടിയത്

52.37രൂപ


മത്സ്യമേഖല വലിയ പ്രതിസന്ധിയിലാണ്. കടക്കെണിയിൽ അകപ്പെട്ടിരിക്കുന്ന മേഖലയെ സംരക്ഷിക്കുന്നതിന് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടി സ്വീകരിക്കണം

-ചാൾസ് ജോർജ്, സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL