SignIn
Kerala Kaumudi Online
Monday, 25 May 2026 8.35 AM IST

മാളംവിട്ട് പാമ്പ്; വേണം പ്രത്യേക കരുതൽ, ഈർപ്പം തേടി വീട്ടിലും പരിസരത്തും പാമ്പുകളെത്തും

ajol

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ പാമ്പു കടിയേറ്റ് പൊലിഞ്ഞത് രണ്ട് ജീവൻ. ഞായറാഴ്ച തൃശൂരിൽ എട്ടുവയസുകാരൻ ആൽജോയുടെ മരണത്തിനു പിന്നാലെ തിരുവനന്തപുരം കാരേറ്റിൽ ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചത് 75 വയസുള്ള സുധർമ്മ. വീടിനു സമീപത്തെ കിണറിനടുത്തെ മുളകുചെടിക്ക് വെള്ളമൊഴിക്കുന്നതിനിടെയാണ് സുധർമ്മയ്ക്ക് കടിയേറ്റത്.

അതിനിടെ, പോസ്റ്റുമോർട്ടത്തിനുശേഷം ആൽജോയുടെ മൃതദേഹം എത്തിച്ച സമയത്ത് വീട്ടിൽനിന്ന് വീണ്ടും ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻകു‌ഞ്ഞിനെ കണ്ടെത്തി. ഉറങ്ങിക്കിടന്ന ആൽജോയുടെ ജീവനെടുത്ത പാമ്പിനെയും ഇന്നലെ കണ്ടതിനെയും പിടികൂടിയിട്ടുണ്ട്. പാമ്പുകൾ ഇനിയും ഉണ്ടാകുമോ എന്ന പേടിയിലാണ് വീട്ടുകാർ. ആൽജോയ്ക്കൊപ്പം പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള ജ്യേഷ്ഠൻ അനോജിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചത് ആശ്വാസമായി. വെന്റിലേറ്റർ സപ്പോർട്ട് തുടരുകയാണ്.

സംസ്ഥാനത്ത് ചൂട് കടുത്തതോടെ ഈർപ്പംതേടി വീടുകൾക്കുള്ളിലും പരിസരത്തും പാമ്പുകളെത്തുന്നതിനാൽ ജാഗ്രത വേണമെന്ന് വന്യജീവി സംരക്ഷകർ മുന്നറിയിപ്പ് നൽകി. ശീതരക്ത ജീവികളായ പാമ്പുകൾ ചൂടുകൂടുമ്പോൾ ഈർപ്പമുള്ള സ്ഥലങ്ങളിലെത്തും. വീട്ടുവളപ്പിലെ ചെടിച്ചട്ടികൾ, ടോയ്ലറ്റുകൾ, തറയോടുകൾക്കിടയിലെ വിള്ളലുകൾ, നനവുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ താവളമാക്കും.

വേനൽക്കാലത്താണ് മൂർഖന്റെ മുട്ടവിരിയുന്നത്. അണലിയുടെ പ്രസവസമയവും ഇപ്പോഴാണ്. പാമ്പിൻ കുഞ്ഞുങ്ങൾ ഈർപ്പമുള്ള സ്ഥലങ്ങൾ തേടിയെത്തും. അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 392പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്.

ആശുപത്രികളിൽ

ആന്റിവെനം ലഭ്യം

പാമ്പിന്റെ കടിയേറ്റാലുടൻ ആശുപത്രിയിലെത്തിക്കണം. താലൂക്ക്,ജില്ലാ,ജനറൽ, മെഡിക്കൽ കോളേജ് ആശുപത്രികളിൽ പോളിവാലന്റ് ആന്റിവെനം ലഭ്യമാണ്. മൂർഖൻ,ശംഖുവരയൻ,അണലി എന്നിവയുടെ വിഷത്തിൽ നിന്നുൾപ്പെടെ ഇത് പ്രതിരോധം തീർക്കും.

വീടിനകം പരിശോധിക്കണം

ഉറങ്ങുന്നതിനു മുമ്പ് ബെഡ്ഷീറ്റും തലയിണയും നന്നായി കുടയണം. കട്ടിലിനടിയിലും മുറികളിലെ മൂലകളും പരിശോധിക്കണം.
ജനാലകളിലേക്കും ചുമരുകളിലേക്കും ചെടികൾ പടർന്നു കയറാൻ അനുവദിക്കരുത്. വൈകിട്ടോടെ ജനലുകളും വാതിലുകളും അടച്ചിടണം.

ചെരുപ്പുകളും ഷൂസുകളും ധരിക്കുന്നതിന് മുൻപ് നന്നായി കുടയണം. കുട്ടികൾ കളിക്കാൻ ഇറങ്ങുമ്പോൾ ചെരിപ്പോ ഷൂവോ ധരിക്കണം.

''പാമ്പുകടിയേറ്റാൽ പാമ്പിന്റെ പിന്നാലെ പോയി സമയം കളയരുത്. ഏത് പാമ്പാണ് കടിച്ചതെന്നും ഏത് ചികത്സവേണമെന്നും ആശുപത്രിയിൽ തീരുമാനിക്കും.വിഷം പുറത്തേക്ക് കളയാനെന്ന പേരിൽ കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കുന്നത് തെറ്റായ രീതിയാണ്.

-ഡോ.അനീഷ്.ടി.എസ്

അസോസിയേറ്റ് പ്രൊഫസർ

സ്കൂൾ ഒഫ് പബ്ലിക് ഹെൽത്ത്

''വീടുകളിൽ വിറകും മറ്റും കൂട്ടിയിടരുത്. വെളുത്തുള്ളി ചതച്ചിടുന്ന് ഫലപ്രദമല്ല.ചെറിയ പാത്രങ്ങളിലടക്കം വെള്ളം നിറച്ചുവയ്ക്കരുത്.മണ്ണിൽ ഉൾപ്പെടെ പെട്രോളോ ഡീസലോ സ്‌പ്രേ ചെയ്യുന്നത് ഫലപ്രദമായിരിക്കും.

-വാവ സുരേഷ്

പാമ്പ് സംരക്ഷകൻ

5 വർഷത്തിനിടെ 392 മരണം

2021-22......................112

2022-23......................89

2023-24.....................76

2024-25.....................67

2025-26.....................48

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA