SignIn
Kerala Kaumudi Online
Monday, 25 May 2026 10.46 AM IST

അമിതജോലി,​ ഓഫുമില്ല; തളർന്ന് പി.ജി ഡോക്ടർമാർ

doct

 24 മണിക്കൂർ വരെ നീളുന്ന ഡ്യൂട്ടി
 സ്റ്റൈപെൻഡ് കൂട്ടിനൽകാനും വിമുഖത

തിരുവനന്തപുരം : സർക്കാർ മെ‌ഡിക്കൽ കോളേജ് ആശുപത്രികളിൽ ഊണും ഉറക്കവുമില്ലാതെ ജോലിചെയ്ത് വലഞ്ഞ് പി.ജി ‌ഡോക്ടർമാർ. രാേഗികളുടെ ബാഹുല്യം അനുസരിച്ച് ഡോക്ടർമാരുടെ നിയമനം നടത്താത്തതിനാൽ ഇവർ വിശ്രമമില്ലാതെ ദിവസങ്ങളോളം ജോലി ചെയ്യേണ്ടിവരുന്നു.

ശരാശരി 10 മണിക്കൂർ ഡ്യൂട്ടിയാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദ്ദേശിക്കുന്നത്. ആഴ്ചയിൽ 60 മണിക്കൂർ ജോലിയും ഒരു ദിവസം ഓഫും. പക്ഷേ,​ കേരളത്തിൽ ഇതു സ്വപ്നം മാത്രമാണ്. കാരണം, അത്യാഹിത വിഭാഗങ്ങളുടെയും വാർഡുകളുടെയും പ്രവർത്തനം ഇവരുടെ ചുമലിലാണ്.

രാത്രി പി.ജി ‌ഡോക്ടർമാർ മാത്രമേ കാണൂ. മുതിർന്ന ഡോക്ടർമാർ സമരം ചെയ്തപ്പോൾ രോഗികൾക്ക് താങ്ങായി നിന്ന് സർക്കാരിന്റെ മാനം കാത്തത് ഇവരാണ്. എന്നിട്ടും ഇവർക്ക് അർഹമായ സ്റ്റൈപെൻഡ് നൽകാൻ തയ്യാറല്ല. സ്റ്റൈപെൻഡ് പരിഷ്കണത്തിനു വേണ്ടി അടുത്തിടെ സമരം പ്രഖ്യാപിച്ചെങ്കിലും ആരോഗ്യമന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പിൻമാറി. തിരഞ്ഞെടുപ്പായതോടെ ആ ഉറപ്പും പാഴായി. 2019ൽ 5% വർദ്ധന വരുത്തിയശേഷം കാര്യമായ പരിഷ്കരണമുണ്ടായില്ല. 2023ൽ 1000രൂപ വർദ്ധിപ്പിച്ചു.

സ്റ്റൈപെൻഡ് കുറവ്;

ഫീസ് കൂടുതൽ

 അയൽ സംസ്ഥാനങ്ങളിൽ സ്റ്റൈപെൻഡ് കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് പി.ജിക്കാരുടെ ആവശ്യം നിഷേധിക്കുന്നത്. കേരളത്തിൽ മൂന്നു വർഷങ്ങളിലായി 57,900- 58,900- 60,000 എന്നിങ്ങനെയാണ് സ്റ്റൈപെൻഡ്

 അതേസമയം, പ്രതിവർഷം ഫീസ് 80,000 രൂപയോളമാണ്. തമിഴ്നാട്ടിൽ കേരളത്തിന് സമാനമായ സ്റ്റൈപെൻഡ് നൽകുമ്പോൾ,വാർഷിക ഫീസ് വെറും 15000രൂപ മാത്രമാണ്. പെൺകുട്ടികൾക്ക് ഇതിലും ഇളവുണ്ട്

വലഞ്ഞ് ഹൗസ് സർജന്മാരും

എം.ബി.ബി.എസ് പഠനത്തിന്റെ ഭാഗമായ ഒരുവർഷത്തെ ഹൗസ് സർജൻസിയും മെഡിക്കൽ കോളേജുകളിൽ ദുരിതകാലമാണ്. രാത്രിയും പകലും

പി.ജി ഡോക്ടർമാരെ സഹായിക്കുന്നത് ഇവരാണ്. നഴ്സുമാരുടെ ജോലി മാത്രമല്ല,​ അറ്റൻഡർ ചെയ്യേണ്ടതു വരെ നോക്കേണ്ടിവരും. നാലു ദിവസം തുടർച്ചയായി ഡ്യൂട്ടി വരുന്ന സന്ദർഭങ്ങളുമുണ്ട്. ഇവരുടെ സ്റ്റൈപെൻഡ് 27350 രൂപയാണ്. 2022ൽ പ്രതിവർഷം നാലു ശതമാനം വർദ്ധന പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല.

വിശ്രമമില്ലാതെയാണ് ഭൂരിഭാഗം പി.ജിക്കാരും മുന്നോട്ടുപോകുന്നത്. സ്റ്റൈപെൻഡിന് വേണ്ടിയുള്ള അപേക്ഷ സർക്കാരിലുണ്ട്

-ഡോ.പ്രണവ് പ്രമോദ്

പ്രസിഡന്റ്,

കേരള.ഗവ.മെഡിക്കൽകോളേജ് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ.

ആവശ്യത്തിന് നഴ്സുമാരെയും നഴ്സിംഗ് അസിസ്റ്റന്റുമാരെയും നിയോഗിച്ചാൽ ഒരുപരിധിവരെ ആശ്വാസമാകും.സ്റ്റൈപെൻഡ് വർദ്ധനവും വേണം.

-അനന്തു

പ്രസിഡന്റ്,

കേരള.ഗവ.മെഡിക്കൽകോളേജ് ഹൗസ് സർജൻസ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA