SignIn
Kerala Kaumudi Online
Monday, 25 May 2026 10.43 AM IST

ഇന്ന് തൊഴിലാളി ദിനം, മാതൃകയാണ് ഈ ടാങ്കർ ലോറി കുടുംബം

anand

കിഴക്കമ്പലം: ഹെയർപിൻ വളവുകളോ ചെങ്കുത്തായ കയറ്റമോ ഈ 'ടാങ്കർ ലോറി കുടുംബ"ത്തിനു പ്രശ്നമല്ല. മാസത്തിൽ 14 തവണവരെ തൃപ്പൂണിത്തുറയിൽ നിന്ന് മറയൂരിലെ പെട്രോൾ പമ്പിലേക്ക് ഇന്ധന ടാങ്കറുമായി ഇവരെത്തും. ഡ്രൈവിംഗ് സീറ്റിൽ കോലഞ്ചേരി പഴന്തോട്ടം വെമ്പിള്ളി പുളിക്കായത്ത് വീട്ടിൽ അനന്തകൃഷ്ണനോ ഭാര്യ സൗമ്യയോ ഉണ്ടാകും. അല്ലെങ്കിൽ ഇവരുടെ മകൾ ലക്ഷ്മിയോ ഭർത്താവ് വിഷ്ണുവോ ആകും. തൊഴിലാളി ദിനത്തിൽ വേറിട്ട മാതൃകയാവുകയാണ് ഈ കുടുംബം.

കുട്ടിക്കാലം മുതലേ വാഹനപ്രേമിയായിരുന്നു അനന്തകൃഷ്ണൻ. 2020ൽ മറയൂർ ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിലെ ടാങ്കർ ലോറിയുടെ സാരഥിയായതോടെ കഥ മാറി​. കൊവിഡ് കാലത്ത് ലോറിയിൽ സഹായിയെ കിട്ടാതെ വന്നതോടെ ഭാര്യ സൗമ്യയെ ഹെൽപ്പറാക്കി. ദിവസങ്ങൾക്കുള്ളിൽ സൗമ്യയും ഡ്രൈവിംഗ് പഠിച്ചു. പിന്നീട് ഹെവി, ഇന്ധന ടാങ്കർ ഓടിക്കാനുള്ള ഹസാർഡ് ലൈസൻസുകൾ നേടി.

പ്ലസ്ടു കഴിഞ്ഞപ്പോൾ മാതാപിതാക്കൾക്കൊപ്പം നടത്തിയ മൂന്നാർ- മറയൂർ യാത്രകളാണ് മകൾ ലക്ഷ്മിയെ ഈ രംഗത്തേക്ക് ആകർഷിച്ചത്. 20 വയസ് തികഞ്ഞപ്പോൾ ലക്ഷ്മിയും ലൈസൻസെടുത്തു. ഇന്ന് പിതാവിനെയും ഭർത്താവിനെയും ‘കിളിയാക്കി’ ലക്ഷ്മിയും മറയൂരിലേക്ക് വളയം പിടിക്കുന്നു. തൃപ്പൂണിത്തുറ ഇരുമ്പനത്തെ ഐ.ഒ.സി യാർഡിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.

മരുമകനും വണ്ടി പ്രേമി

ഡ്രൈവിംഗിൽ താത്പര്യമുള്ള ഒരാളാകണം മകളുടെ ജീവിതപങ്കാളിയെന്നത് അനന്തകൃഷ്ണന്റെ ആഗ്രഹമായിരുന്നു. കുമളി സ്വദേശിയും ഡ്രൈവറുമായ വിഷ്ണുവിലൂടെ അത് സഫലമായി. ഓട്ടമില്ലാത്ത ദിനങ്ങളിൽ ലക്ഷ്മി കിഴക്കമ്പലം സെന്റ് ആന്റണീസ് സ്കൂൾ ബസിന്റെ സാരഥിയാകും. പ്ളസ് ടു വിദ്യാർത്ഥിയായ ദശരഥ്, ആറാംക്ളാസ് വിദ്യാർത്ഥിയായ ലക്ഷിപ്രിയ എന്നിവരാണ് ലക്ഷ്മിയുടെ സഹോദരങ്ങൾ. യാദവ് കൃഷ്ണയാണ് (4)​ ലക്ഷ്മി- വിഷ്ണു ദമ്പതികളുടെ മകൻ.

ധൈര്യവും ശ്രദ്ധയും ഉണ്ടെങ്കിൽ ഇതിലും വലിയ വാഹനങ്ങളും കൈകാര്യം ചെയ്യാം.

-ലക്ഷ്മി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA