SignIn
Kerala Kaumudi Online
Monday, 25 May 2026 7.45 AM IST

എം. ലിജുവിന്റെ കണ്ണീർ ജനഹൃദയം വോട്ടാക്കി

m-liju

ആലപ്പുഴ: ''മൂന്നു തവണയും പരാജയപ്പെട്ടു. എതിരാളികൾ പരാജയപ്പെട്ടവനെന്ന് ആക്ഷേപിക്കുമ്പോൾ ഹൃദയം നുറുങ്ങാറുണ്ട്. എനിക്ക് ഒരവസരം നിങ്ങൾ നൽകണം...'' കണ്ഠമിടറി വിതുമ്പിയ എം.ലിജുവിന്റെ വാക്കുകൾ പതിച്ചത് കായംകുളത്തെ ജനഹൃദയങ്ങളിലാണ്. അവർ ഇന്നലെവരെ ജയിച്ച സ്ഥാനാർത്ഥികൾക്കു ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം നൽകിയാണ് ലിജുവിനെ നെഞ്ചിലേറ്റിയത്. ഭൂരിപക്ഷം 15,572. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ വിജയിച്ച എൽ.‌ഡി.എഫിലെ പ്രതിഭയ്ക്ക് ലഭിച്ച ഭൂരിപക്ഷം 6298.

തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയതിലൂടെ നിർഭാഗ്യവാനെന്ന ഇമേജും സ്ഥിരം കളിയാക്കലുകളിൽ തോന്നിയ വേദനയുമാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലിജുവിനെ വികാരാധീനനാക്കിയത്.

രണ്ടു പതിറ്റാണ്ടുകാലത്തെ ഇടതുകുത്തകയാണ് ലിജുവിന് തകർക്കാനായത്. 2011ൽ അമ്പലപ്പുഴയിൽ ജി.സുധാകരനോട് പരാജയപ്പെട്ട ശേഷം, 2016ൽ കായംകുളത്ത് യു.പ്രതിഭയോടായിരുന്നു ലിജുവിന്റെ രണ്ടാംപതനം. പിന്നീട് അമ്പലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് 2021ൽ എച്ച്.സലാമുമായി ഏറ്റുമുട്ടിയപ്പോഴും പരാജയമായിരുന്നു ഫലം.

തോൽവികളുടെ പേരിൽ ആരെയും കുറ്റപ്പെടുത്താനോ പരിഭവങ്ങൾ പറയാനോ ലിജു മുതിർന്നിരുന്നില്ല. എന്നാൽ നാലാമങ്കത്തിൽ ലിജു തോൽക്കരുതെന്ന് വോട്ടർമാർ നിശ്ചയിച്ചിരുന്നു. കായംകുളം മണ്ഡലത്തിലെ പത്തിയൂർ, ചെട്ടികുളങ്ങര പോലുള്ള ഇടതുകോട്ടകളിൽ ലിജുവിന് വൻആധിപത്യം നേടാനായി. കായംകുളത്തെ പാർട്ടിക്കുള്ളിലെ പോര് പ്രതിഭയ്ക്ക് തിരിച്ചടിയായപ്പോൾ ലിജുവിന് അതും ഗുണമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: M LIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA