SignIn
Kerala Kaumudi Online
Monday, 26 October 2026 4.12 AM IST

മൻ കി ബാത്തിന് 12 വയസ്; തീർത്ഥയാത്രയെന്ന് നരേന്ദ്രമോദി

modi

ന്യൂഡൽഹി: ഈ മാസം 12 വർഷം പൂർത്തിയാക്കിയ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്ത്' തീ‌ർത്ഥയാത്രയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014 ഒക്ടോബറിൽ വിജയദശമി ദിനത്തിലാണ് പരിപാടി ആരംഭിച്ചത്. ജനങ്ങളാണ് ഈ യാത്രയിൽ വഴികാട്ടിയായത്. അവരുടെ പരിശ്രമങ്ങൾ അടുത്തറിയാനും സംഭാവനകൾക്ക് ആദരമർപ്പിക്കാനും സാധിച്ചു. നൂറുകണക്കിന് സന്ദേശങ്ങളാണ് തനിക്ക് ലഭിക്കുന്നത്. ജനങ്ങൾ നൽകുന്ന സ്നേഹവും ആത്മബന്ധവും വിലപ്പെട്ട സമ്പത്താണ്.

ദീപാവലി-ഛഠ് പൂജ ആശംസകൾ നേർന്ന അദ്ദേഹം, ഉത്സവകാലത്ത് തദ്ദേശീയ ഉത്പന്നങ്ങൾ വാങ്ങണമെന്ന് ആഹ്വാനം ചെയ്‌തു. ‘വോക്കൽ ഫോർ ലോക്കൽ' മനോഭാവം വ‌ർദ്ധിപ്പിക്കണം. തദ്ദേശീയ ഉത്പന്നങ്ങൾ ലോകവിപണികളിലേക്ക് എത്തിക്കുന്നുണ്ട്. ബീഹാറിലെ പൂർണിയയിൽ നിന്നുള്ള മഖാന ഗ്രീസിലേക്കും കർണാടകയിലെ കൽബുർഗിയിൽനിന്നുള്ള തുവരപ്പരിപ്പ് മാലദ്വീപിലേക്കും ഇപ്പോൾ കയറ്റുമതി ചെയ്യുന്നു.

ഭാരതത്തിലെ കർഷകർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ വിപണികൾ തുറന്നുകിട്ടുകയാണ്. കർണാടകയിലെ ‘ബാംബൂ’ എന്ന സ്റ്റാർട്ടപ്പ്,മുളയിൽനിന്നും കാർഷികാവശിഷ്ടങ്ങളിൽനിന്നും പാക്കേജിംഗ് സാമഗ്രികൾ നിർമ്മിക്കുന്നു. ഈ വർഷം ഗാന്ധിജയന്തി ദിനത്തിൽ ഒറ്റ ദിനം കൊണ്ട് ഖാദി ഗ്രാമോദ്യോഗ് ഉത്പന്നങ്ങളുടെ വിൽപന 28 കോടിയിലധികമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒന്നരക്കോടി രൂപയിലധികമാണിതെന്നും മോദി ചൂണ്ടിക്കാട്ടി.

'റൺ ഫോർ യൂണിറ്റി'യിൽ പങ്കെടുക്കണം

31ന് മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനമാണ്. രാജ്യം ദേശീയ ഐക്യദിനമായി ആചരിക്കുന്നു. അന്ന് രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന 'റൺ ഫോർ യൂണിറ്റി' കൂട്ടയോട്ടത്തിൽ ജനങ്ങൾ പങ്കെടുക്കണമെന്ന് മോദി അഭ്യർത്ഥിച്ചു. ഐക്യം കൂടുതൽ ശക്തിപ്പെടുത്താനും രാജ്യത്തോടുള്ള പ്രതിബദ്ധത ഉറപ്പിക്കാനുമുള്ള അവസരമാണിത്. ഇന്ന് മഹർഷി വാൽമീകി ജയന്തിയാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അദ്ദേഹമെഴുതിയ രാമായണം ഇന്നും നമ്മെ പുതിയ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അയോദ്ധ്യ രാമക്ഷേത്രത്തിൽ മഹർഷി വാ‍ൽമീകിക്കും നിഷാദരാജാവിനും മാതാ ശബരിക്കും പ്രത്യേകം ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI, MANKIBATH, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360