SignIn
Kerala Kaumudi Online
Sunday, 25 October 2026 12.22 PM IST

'ഡി വൈ ചന്ദ്രചൂഡിന് സർക്കാരിനോട് അമിത വിധേയത്വം, കൊളീജിയത്തിൽ നിന്ന് ഇറങ്ങിപ്പോകേണ്ടിവന്നു'; വെളിപ്പെടുത്തി മുൻ ജഡ്‌ജി

READ ENGLISH VERSION
chandrachud-
ഡി വൈ ചന്ദ്രചൂഡ്

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി മുൻ ജഡ്‌ജി സഞ്ജയ് കിഷൻ കൗൾ. കൊളീജിയം ഔദ്യോഗികമായി യോഗം ചേരുന്നതിന് മുമ്പുതന്നെ ജഡ്‌ജിമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരം തേടാൻ ജസ്റ്റിസ് ചന്ദ്രചൂഡ് ശ്രമിച്ചിരുന്നുവെന്നാണ് ജസ്റ്റിസ് കൗളിന്റെ വെളിപ്പെടുത്തൽ. ഈ മാസം അവസാനം പുറത്തിറങ്ങുന്ന തന്റെ ഓർമക്കുറിപ്പായ 'വിത്തൗട്ട് ഫിയർ ഓർ ഫേവർ' എന്ന തന്റെ ഓർമക്കുറിപ്പിലും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലുമാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.

2023 ഡിസംബറിൽ വിരമിച്ച സഞ്ജയ് കിഷൻ കൗൾ, 14 മാസത്തോളം കൊളീജിയത്തിൽ ചീഫ് ജസ്റ്റിസിന് തൊട്ടുതാഴെയുള്ള ഏറ്റവും മുതിർന്ന ജഡ്‌ജിയായിരുന്നു. സർക്കാരിനോട് ചീഫ് ജസ്റ്റിസിനുള്ള അമിത വിധേയത്വ നിലപാടുകളിൽ പ്രതിഷേധിച്ച് താൻ ഒരിക്കൽ കൊളീജിയം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. കൊളീജിയം ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിന് മുമ്പ് സർക്കാരിന്റെ താൽപ്പര്യം അറിയാൻ ചീഫ് ജസ്റ്റിസ് ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു ജഡ്‌ജിയെ നിയമിക്കുമ്പോൾ കുടുംബത്തിന്റെ ജാതിയെക്കുറിച്ച് സർക്കാർ ചോദിച്ച വിചിത്രമായ ചോദ്യം ചീഫ് ജസ്റ്റിസ് കൊളീജിയത്തിൽ പങ്കുവച്ചു. തലമുറകളായി ആ മതത്തിൽ കഴിയുന്ന കുടുംബത്തിന്റെ ജാതി എങ്ങനെ അറിയാനാണെന്നും, ഇത്തരം രീതികളോട് യോജിക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് ജസ്റ്റിസ് കൗൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് സർക്കാർ ഈ പേര് അംഗീകരിച്ചുവെന്നും ജസ്റ്റിസ് കൗൾ വെളിപ്പെടുത്തി.

ആറ് ഒഴിവുകളിലേക്ക് നടന്ന ഒരു കൊളീജിയം യോഗത്തിൽ, മുൻകൂട്ടി ധാരണയായ അഞ്ച് പേരുകൾക്ക് പുറമേ യോഗ ദിവസം ചീഫ് ജസ്റ്റിസ് ആറാമതൊരു പേര് നിർദേശിച്ചു. സർക്കാരിന്റെ നിർദേശപ്രകാരമാണെന്ന് സംശയിച്ച മറ്റ് ജഡ്‌ജിമാർ ഇതിനെ എതിർത്തു. സർക്കാരിന്റെ നിലപാടറിയാൻ യോഗത്തിനിടെ ഫോൺ വിളിക്കാൻ തുനിഞ്ഞ ചീഫ് ജസ്റ്റിസിനെ താൻ തടഞ്ഞുവെന്നും ജസ്റ്റിസ് കൗളിന്റെ പുസ്‌‌തകത്തിലുണ്ട്. നട്ടെല്ലുള്ള ജഡ്‌ജിമാരെയാണ് സർക്കാർ ബഹുമാനിക്കുന്നതെന്നും അദ്ദേഹം പുസ്‌തകത്തിൽ കുറിച്ചിട്ടുണ്ട്.

എന്നാൽ, താൻ പുസ്‌തകം വായിച്ചിട്ടില്ലാത്തതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്നാണ് ചന്ദ്രചൂഡിന്റെ പ്രതികരണം. കൊളീജിയം യോഗങ്ങൾ വളരെ സൗഹാർദപരമായിരുന്നുവെന്നും, ജസ്റ്റിസ് കൗൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം തനിക്ക് ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുമായി ചർച്ചകൾ നടത്താറുണ്ടെന്നത് യാഥാർഥ്യമാണെന്നും, അന്തിമമായി രാഷ്ട്രപതിയാണ് നിയമന ഉത്തരവിൽ ഒപ്പിടുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

English Summary

Former Supreme Court judge Justice Sanjay Kishan Kaul has criticised former Chief Justice D.Y. Chandrachud, alleging that he sought government approval for judicial appointments before formal collegium discussions. Kaul revealed these claims in his upcoming memoir and a recent interview. Chandrachud said he had not read the book and did not recall Kaul leaving a collegium meeting.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUSTICE SANJAY KISHAN KAUL, DY CHANDRACHUD CONTROVERSY, SUPREME COURT COLLEGIUM, JUDICIAL APPOINTMENTS INDIA, SUPREME COURT JUDGES CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360