SignIn
Kerala Kaumudi Online
Sunday, 25 October 2026 1.12 AM IST

'ആരും ഈ തട്ടിപ്പിന് ഇരയാകാതെ സൂക്ഷിക്കുക',​ വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ച് യാത്രക്കാരനെ കബളിപ്പിച്ച് ഊബർ ഡ്രൈവർ

uber-
പ്രതീകാത്മക ചിത്രം

ന്യൂഗൽഹി: ഊബറിൽ യാത്ര ചെയ്ത യാത്രക്കാരനെ വ്യാജ നിരക്ക് കാണിച്ച് കബളിപ്പിക്കാൻ ഡ്രൈവറുടെ ശ്രമം. ഡൽഹി വിമാനത്താവളത്തിൽ നിന്നും ബുക്ക് ചെയ്ത ക്യാബിലെ ഡ്രൈവറിൽ നിന്നാണ് യുവാവ് പറ്റിക്കപ്പെട്ടത്. യാത്ര അവസാനിച്ചപ്പോൾ 1,780 രൂപ നിരക്കായെന്ന് ഡ്രൈവർ മൊബൈൽ ഫോണിൽ സ്‌ക്രീൻഷോട്ട് കാണിച്ചെങ്കിലും 885 രൂപയായിരുന്നു യാത്രക്കാരന്റെ ആപ്പിൽ രേഖപ്പെടുത്തിയിരുന്നത്. സംശയം തോന്നിയ യാത്രക്കാരൻ ഊബർ കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെട്ടതോടെ തട്ടിപ്പ് ശ്രമം പുറത്തായി. തട്ടിപ്പിന് ഇരയായ വിവരം യുവാവ് സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവച്ചത്. വിമാനത്താവളത്തിൽനിന്നുള്ള ഊബർ ഡ്രൈവർമാരുടെ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കുക എന്ന തലക്കെട്ടിലാണ് യാത്രക്കാരൻ തന്റെ അനുഭവം പങ്കുവച്ചത്.

യാത്രയ്ക്കിടെ ഡ്രൈവർ പണം നേരിട്ട് നൽകുമോയെന്ന് ചോദിച്ചതാണ് ആദ്യം സംശയം ജനിപ്പിച്ചത്. ലക്ഷ്യസ്ഥാനത്തെത്തിയിട്ടും ഡ്രൈവർ ആപ്പിൽ യാത്ര അവസാനിപ്പിച്ചില്ല. പകരം 1,780 രൂപയായെന്ന് നിരക്ക് കാണിക്കുന്ന സ്‌ക്രീൻഷോട്ട് ഫോണിൽ പ്രദർശിപ്പിച്ചു. യാത്രക്കാരന് തന്നെ റേറ്റിംഗ് നൽകാൻ കഴിയുമെന്നും ഡ്രൈവർ പറഞ്ഞതായി കുറിപ്പിൽ പറയുന്നു. നിരക്ക് ഉയർന്നതിനാൽ യാത്രക്കാരന്റെ ഫോണിൽ യാത്ര അവസാനിപ്പിക്കുന്നതിന് കുറച്ചുസമയം എടുക്കുമെന്നായിരുന്നു വിശദീകരണം. ആദ്യം 1,780 നൽകണമെന്നും പിന്നീട് ഊബറിന് പരാതി നൽകി അധികമായി നൽകിയ തുക തിരികെ വാങ്ങാമെന്നും ഡ്രൈവർ നിർദേശിച്ചു.

എന്നാൽ യാത്രക്കാരന്റെ ആപ്പിൽ അപ്പോഴും യാത്ര സജീവമായിരുന്നു. നിരക്ക് 885 രൂപയാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ആപ്പിലെ കസ്റ്റമർ കെയറിൽ യാത്രക്കാരൻ സഹായം തേടി. ഉടൻതന്നെ ഊബർ പ്രതിനിധി ഫോണിൽ ബന്ധപ്പെട്ടതോടെ സംഭാഷണം ഡ്രൈവറെ കേൾപ്പിക്കുകയും ചെയ്തു. ഡ്രൈവറുടെ ഭാഗത്തും നിരക്ക് 885 രൂപ തന്നെയാണെന്നും യാത്ര അവസാനിച്ചിട്ടില്ലെന്നും പ്രതിനിധി സ്ഥിരീകരിച്ചു. തുടർന്ന് ആപ്പ് അടച്ച് വീണ്ടും തുറക്കാൻ ഡ്രൈവറോട് നിർദേശിച്ചു. എതിർപ്പൊന്നും കൂടാതെ ഡ്രൈവർ അതിന് തയ്യാറായെന്നും യാത്രക്കാരൻ പറഞ്ഞു. പിന്നീട് വീട്ടിൽനിന്ന് വാഹനം ഓടിച്ചുപോയതിന് ഏകദേശം രണ്ടു മീറ്റർ കഴിഞ്ഞാണ് ഡ്രൈവർ യാത്ര അവസാനിപ്പിച്ചതെന്നും കുറിപ്പിലുണ്ട്.

യാത്ര അവസാനിച്ചെന്ന് ഡ്രൈവർ കാണിക്കുന്ന സ്‌ക്രീൻഷോട്ട് മാത്രം വിശ്വസിക്കാതെ സ്വന്തം ആപ്പിലെ യാത്രാവിവരങ്ങളും അന്തിമ നിരക്കും ഉറപ്പ് വരുത്തിയ ശേഷമേ പണം നൽകാവൂ എന്നാണ് യാത്രക്കാരന്റെ അനുഭവത്തിലൂടെ വ്യക്തമാക്കുന്നത്. നിരക്കിൽ സംശയമുണ്ടെങ്കിൽ പണം നൽകുന്നതിനു മുമ്പ് കസ്റ്റമർകെയറുമായി ബന്ധപ്പെടുന്നതും ഉചിതമാണ്.

English Summary

An Uber passenger at Delhi Airport was nearly scammed by a driver who showed a fake fare screenshot of ₹1,780. The passenger's app displayed the correct fare of ₹885. The scam was exposed after the passenger contacted Uber support, confirming the lower fare. The incident highlights the need for passengers to verify fares on their own app before making payments.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAKE FARE, LATESTNEWS, UBER DRIVER, DELHI AIRPORT, VIRALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360