SignIn
Kerala Kaumudi Online
Sunday, 25 October 2026 2.02 AM IST

തമിഴ്നാട്ടിൽ കനത്ത മഴയും മണ്ണിടിച്ചിലും: മൂന്ന് മരണം, വിനോദ സഞ്ചാരത്തിന് വിലക്ക്

d

ചെന്നൈ: തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം. ഊട്ടിയിലും കൊടൈക്കനാലിലും മലവെള്ളപ്പാച്ചിലിനെ തുടർന്ന് മലയാളി വിനോദയാത്രികരുടെ ഉൾപ്പെടെ നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. കനത്തമഴയെ തുടർന്ന് നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു. കാഞ്ചിപുരത്ത് വൈദ്യുതാഘാതമേറ്റ് ഒരു സ്ത്രീയും വിരുതുനഗറിൽ വീടിന്റെ ചുമരിടിഞ്ഞു വീണ് ഒരു പെൺകുട്ടിയും ഊട്ടി-മേട്ടുപ്പാളയം റോഡിൽ നീലഗിരിക്ക് സമീപം ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു ഡ്രൈവറുമാണ് മരിച്ചത്.

ഇന്നലെ പുലർച്ചെ കൂനൂരിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ടി.എൻ.എസ്‌.ടി.സി) ബസാണ് അപകടത്തിൽപ്പെട്ടത്. കണ്ടക്ടർക്ക് ഗുരുതര പരിക്കേറ്റു. ഡ്രൈവർ ജനകരാജും കണ്ടക്ടർ കേശവനുമാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന മൂന്ന് യാത്രികരും അപകടത്തിന് മുമ്പ് ഇറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി.

നീലഗിരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. കൂനൂർ-മേട്ടുപ്പാളയം പാതയിലടക്കം മരങ്ങളും മണ്ണും വീണ് ഗതാഗതം തടസപ്പെട്ടു. ഊട്ടി-മേട്ടുപ്പാളയം, ഊട്ടി-കൂനൂർ ഹൈവേകളിലും മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം താറുമാറായി. മേട്ടുപ്പാളയം മുതൽ കാരമടൈ വരെ വാഹനങ്ങളുടെ നീണ്ട നിരയായി. യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. കനത്തമഴയെ തുടർന്ന് നീലഗിരിയിലെ ആറ് താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. ഊട്ടിയിലേക്കുള്ള സർക്കാർ ബസ് സർവീസും മേട്ടുപ്പാളയം -കൂനൂർ ട്രെയിൻ സർവീസും താത്കാലികമായി നിറുത്തി.

നീലഗിരിയിൽ കനത്ത മഴ

നീലഗിരിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 200 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. വടക്കുകിഴക്കൻ മൺസൂൺ ശക്തമാകുന്നതിനാൽ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN, TAMILNADU NEWS, LATESTNEWS, NATIONALNEWS, WEATHER IN TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360