ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌ക്ക് കേന്ദ്രത്തിന്റെ പ്രശംസ. വിമാന ഇന്ധനത്തിന്മേലുള്ള മൂല്യ വർദ്ധിത നികുതിയിൽ ഗണ്യമായ ഇളവ് വരുത്തിയതിനാണ് പ്രശംസ. ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇത് വിമാനക്കമ്പനികൾക്ക് ആശ്വാസം നൽകുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ചെന്നൈയിൽ നികുതി നിരക്ക് 29 ശതമാനത്തിൽ നിന്ന് 16 ശതമാനമായും സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ ഒരു ശതമാനമായുമാണ് തമിഴ്‌നാട് കുറച്ചത്. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് വിജയ്‌യെ പ്രശംസിച്ചത്.
'വിമാന ഇന്ധനത്തിന്റെ (എടിഎഫ്) വാറ്റ് (മൂല്യവർദ്ധിത നികുതി) കുറയ്ക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. വ്യോമയാന മേഖലയ്ക്ക് ഇതൊരു സ്വാഗതാർഹമായ നടപടിയാണ്. ഇക്കാര്യത്തിൽ മുൻകൈ എടുത്തതിന് മുഖ്യമന്ത്രി വിജയ്‌ക്ക് നന്ദി. വിമാനയാത്ര കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. യാത്രക്കാരായിരിക്കണം എപ്പോഴും നമ്മുടെ പൊതുവായ മുൻഗണന'- എന്നാണ് റാം മോഹൻ നായിഡു സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
ആഴ്‌ചകൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ സന്ദർശനം നടത്തിയിരുന്നു. ചെന്നൈയിൽ 4900 കോടി രൂപ ചെലവിൽ നിർമ്മിച്ച മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടവും 13,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തിയത്. തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി അന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
Union Civil Aviation Minister Ram Mohan Naidu praised Tamil Nadu Chief Minister C. Joseph Vijay for reducing value-added tax on aviation turbine fuel (ATF). Tamil Nadu cut the tax in Chennai from 29% to 16% and to 1% at other state airports. The Centre said the move would ease airlines’ burden amid rising crude oil prices and help make air travel more affordable.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |