
ന്യൂഡൽഹി: മാസപ്പടി കേസിൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17എയിൽ വ്യവസ്ഥ ചെയ്‌തിരിക്കുന്ന മുൻകൂർ പ്രോസിക്യൂഷൻ അനുമതി ഈ കേസിൽ ആവശ്യമോ എന്നതുപോലും പരിഗണിക്കാതെ മുൻ മുഖ്യമന്ത്രിക്കെതിരെ എങ്ങനെ അന്വേഷണം ആരംഭിക്കാൻ സാധിക്കുമെന്നു സുപ്രീംകോടതി ചോദിച്ചു. സർക്കാർ നിലപാടിനെ വിമർശിക്കുകയും ചെയ്തു.
മാസപ്പടിക്കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്‌പര വിരുദ്ധമായ നിരീക്ഷണങ്ങളുണ്ടെന്നും വിലയിരുത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പി.എം.എൽ.എ) വകുപ്പ് 66(2) പ്രകാരം അന്വേഷണവിവരങ്ങൾ ഇ.ഡിക്ക് സംസ്ഥാന പൊലീസിന് കൈമാറാം. പക്ഷെ, കേസ് നിർബന്ധമാണോ അതോ പ്രാഥമിക പരിശോധന ആവശ്യമാണോ എന്നതാണ് ഈ കേസിലെ പ്രധാന നിയമപ്രശ്‌നം. ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പരസ്‌പര വിരുദ്ധമായ നിരീക്ഷണങ്ങളുണ്ട്. ഒരിടത്ത് പറയുന്നു കേസ് നിർബന്ധമാണെന്ന്. മറ്റൊരിടത്ത് പറയുന്നു മുൻകൂർ പരിശോധന ആവശ്യമാണെന്ന്. ഇ.ഡി കൈമാറിയ വിവരങ്ങൾ കേസെടുക്കാൻ പര്യാപ്‌തമാണെന്നും സിംഗിൾ ബെഞ്ച് പറയുന്നുണ്ട്. വിജിലൻസ് അന്വേഷണം നിയമപരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമോയെന്നത് ഡിവിഷൻ ബെഞ്ച് പരിശോധിക്കേണ്ടതുണ്ട്.
അനീതി നടന്നുവെന്ന് പിണറായിയുടെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര വാദിച്ചു. വിഷയവുമായി നേരിട്ടു ബന്ധമില്ലാത്ത കെ.എം. ഷാജഹാൻ എന്ന പൊതുപ്രവർത്തകനാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും പിണറായിയുടെ ഭാഗം സിംഗിൾ,ഡിവിഷൻ ബെഞ്ചുകൾ കേട്ടില്ലെന്നും ചൂണ്ടിക്കാട്ടി
സർക്കാരിനോട് സുപ്രീംകോടതി
#പ്രാഥമിക അന്വേഷണം നടത്താൻ അധികാരമുണ്ടെന്ന സർക്കാർ നിലപാട് തള്ളുന്നതായിരുന്നില്ലേ സിംഗിൾ ബെഞ്ച് വിധി?
# ഉത്തരവിൽ അതൃപ്‌തിയുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചില്ല?
# മറ്റുള്ളവർ കോടതിയെ സമീപിക്കുന്നത് കാത്തിരിക്കുകയായിരുന്നോ?
# പിണറായിക്കെതിരെ പ്രോസിക്യൂഷൻ അനുമതി ചോദിച്ചാൽ സർക്കാർ എന്തു നിലപാട് സ്വീകരിക്കും?
#.സ്വതന്ത്രമായി തീരുമാനമെടുക്കുമോ അതോ നടപടിയെടുക്കാൻ ഹൈക്കോടതി-സുപ്രീംകോടതി ഉത്തരവുകൾക്കായി കാത്തിരിക്കുമോ?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |