SignIn
Kerala Kaumudi Online
Thursday, 22 October 2026 3.14 AM IST

വിശ്രമമെന്ന് ബി.ജെ.പി,​ മോദിയെ വിമർശിക്കാത്തതെന്തെന്ന് കോൺ.,​ രാഹുലിന്റെ വിയറ്റ്നാം യാത്രയെ ചൊല്ലി വാക്‌പോര്

d

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ചൂടുപിടിക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പറന്നത്. രാഹുലിന്റെ വിദേശയാത്രയ്ക്കെതിരെ വിമർശനം തുടരുകയാണ് ബി.ജെ.പി. യാത്രയിൽ തെറ്റൊന്നുമില്ലെന്ന് കോൺഗ്രസും ന്യായീകരിക്കുന്നു.

രാഹുൽ കൂടുതൽ സമയവും വിദേശത്താണെന്നും ഇടയ്‌ക്കിടെ ഇന്ത്യയിൽ വന്ന് വിവാദങ്ങൾ സൃഷ്‌ടിച്ചശേഷം മടങ്ങുന്നതാണ് പതിവെന്നും ബി.ജെ.പി എം.പി പ്രവീൺ ഖണ്ഡേൽവാൾ പരിഹസിച്ചു. വിദേശയാത്രകളുടെ പണം മുടക്കുന്നത് ആരെന്നതടക്കം പുറത്തുവിടണം. ലോക്‌സഭാ പ്രതിപക്ഷ നേതാവും പൊതുപ്രവർത്തകനുമായതിനാൽ അദ്ദേഹത്തിന്റെ വിദേശ യാത്രകളെക്കുറിച്ച് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്നും പ്രവീൺ വ്യക്തമാക്കി.

അതേസമയം രാഹുൽ വിദേശയാത്ര നടത്തുമ്പോൾ മാത്രമാണ് വിവാദമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് തിരിച്ചടിച്ചു. അദ്ദേഹം വിദേശ സർവകലാശാലകളിൽ വിദ്യാർത്ഥികളുമായി സംവദിക്കാറുണ്ട്. ചില വ്യക്തികളെ കാണാറുണ്ട്. ലോക്സഭാസമ്മേളനം നടക്കുമ്പോൾ പോലും പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്ര നടത്തുന്നു. കീഴ്‌വഴക്കങ്ങൾ ലംഘിക്കുന്ന ഇത്തരം യാത്രകൾ ആരും ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നവരാത്രിയോടനുബന്ധിച്ച് പ്രതിഷേധങ്ങൾ താത്‌കാലികമായി നിറുത്തിവച്ചാണ് 18ന് രാഹുൽ പോയത്. യാത്ര കോൺഗ്രസ് സ്ഥീരീകരിച്ചിട്ടില്ല. പിന്നാലെ ബി.ജെ.പി നേതാക്കൾ വിമർശവുമായി എത്തുകയായിരുന്നു.

 ഡൽഹിയിൽ പ്രതിഷേധത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനുശേഷം രാഹുൽ വിദേശത്ത് വിശ്രമിക്കുകയാണ്.

-ഷാനവാസ് ഹുസൈൻ

ബി.ജെ.പി വക്താവ്

 സി.പി.എം ജനറൽ സെക്രട്ടറി മുഴുവൻ സമയവും ഡൽഹിയിൽ ഉണ്ടായിരിക്കണമെന്നും ഇടയ്‌ക്കിടെ കേരളത്തിലേക്ക് പോകരുതെന്നും പറയുന്നത് പോലെയാണിത്. രാഹുലിന്റെ വിദേശയാത്രയെക്കുറിച്ചുള്ള വിമർശനങ്ങൾ അപ്രസക്തമാണ്.

-എം.എ. ബേബി

സി.പി.എം ജനറൽ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360