
ന്യൂഡൽഹി: നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്ദറിൽ കടന്നുകയറി ദേശീയ പതാക വീശിയ സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് എട്ടാം നാൾ ജാമ്യം. രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ഇരുവരും ഹാജരാക്കിയ ജാമ്യബോണ്ടുകൾ സ്വീകരിച്ച് ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് മോചന ഉത്തരവിടുകയായിരുന്നു. ഫ്രാൻസിലെ വിദ്യാർത്ഥി പ്രതിഷേധം വ്യാപക അക്രമങ്ങളിൽ കലാശിച്ചത് ചൂണ്ടിക്കാട്ടി കോടതി ഇരുവരെയും വിമർശിച്ചു. 26 വയസുള്ള സൗരവും 31 വയസുള്ള റാങ്കയും ജെൻസികളല്ലെന്നും മില്ലെനിയൽസാണെന്നും പരിഹസിച്ചു. സമരങ്ങൾക്ക് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് നിഷ്കർഷിക്കുന്നതിന്റെ ഉദ്ദേശ്യം സമരക്കാരെ നിയന്ത്രിക്കൽ മാത്രമല്ല, നുഴഞ്ഞുകയറി അക്രമങ്ങൾ നടത്തുന്നവരെ തടയൽ കൂടിയാണ്. നേതാക്കൾ ബാരിക്കേഡുകൾ മറികടന്നാൽ അനുയായികളും പിന്തുടരുമെന്നും കോടതി പറഞ്ഞു. 13ന് അറസ്റ്റിലായ ഇരുവരെയും 14ന് ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇടപെടില്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് കടുത്ത നിലപാടെടുത്തതോടെ ഹർജി ഇന്നലെ പിൻവലിച്ചിരുന്നു.
അതിനിടെ ജെൻസിയായി യോഗ്യത നേടിയ ഒരേയൊരു വ്യക്തിയെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവച്ച് സി.ജെ.പി വക്താവ് അഭിജീത് ദീപ്കെ പ്രതികരിച്ചു. ഇതിനിടെ ജന്തർ മന്ദറിൽ കടന്നതിന് സൗരവിനെയും റാങ്കയെയും പ്രതികളാക്കി രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു.
നേഹയുടെ ഹർജി ഇന്ന്
സമാധാന ബോണ്ടിൽ ഒപ്പുവയ്ക്കണമെന്ന നോട്ടീസിനെതിരെ ഐസ നേതാവ് നേഹ ബോറ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സമാധാന ലംഘനമുണ്ടാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടില്ലെന്ന് ഉറപ്പുനൽകി 10,000 രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |