
ജാംനഗർ റിഫൈനറിയുടെ ശേഷിയിൽ കണ്ണുവച്ച് വാഷിംഗ്ടൺ
കൊച്ചി: റഷ്യൻ എണ്ണ വാങ്ങുന്നത് ഉടൻ കുറയ്ക്കാൻ ഇന്ത്യയെ നിർബന്ധിക്കുന്നതിനേക്കാൾ ആഗോള ഇന്ധനവിതരണം ഉറപ്പാക്കാനും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയുടെ സംസ്കരണം വർദ്ധിപ്പിക്കാനും അമേരിക്ക റിലയൻസ് ഇൻഡസ്ട്രീസുമായി സഹകരണം ശക്തമാക്കുന്നു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ ഗുജറാത്തിലെ ജാംനഗർ റിഫൈനറി സന്ദർശനം ഈ നീക്കത്തിന്റെ സൂചനയാണെന്ന് കെപ്ലറിലെ ഊർജവിശകലന വിദഗ്ധൻ സുമിത് റിട്ടോളിയ വിലയിരുത്തുന്നു.
പ്രതിദിനം 14 ലക്ഷം ബാരൽ എണ്ണ സംസ്കരിക്കാൻ ശേഷിയുള്ള ജാംനഗർ റിഫൈനറി അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. റിഫൈനറിയുടെ പ്രവർത്തനത്തിലോ എണ്ണ ലഭ്യതയിലോ തടസമുണ്ടായാൽ ആഗോള ഇന്ധനവിതരണത്തെയും വിലയെയും ബാധിക്കാം.
2026 ജൂലായ്–സെപ്തംബർ കാലയളവിൽ ജാംനഗറിലെ എണ്ണസംസ്കരണത്തിനുപയോഗിച്ച അസംസ്കൃത എണ്ണയുടെ ഏകദേശം മൂന്നിലൊന്ന് റഷ്യയിൽ നിന്നുള്ളതായിരുന്നു. റഷ്യൻ എണ്ണയ്ക്ക് ലഭിക്കുന്ന വിലക്കിഴിവ് റിലയൻസിന്റെ വാങ്ങൽ തീരുമാനങ്ങളിൽ നിർണായകമാണ്. അമേരിക്കൻ എണ്ണയുടെ വില, കടത്തുകൂലി, ഗുണനിലവാരം എന്നിവയും കമ്പനിയുടെ തീരുമാനങ്ങളെ സ്വാധീനിക്കും.
വെനിസ്വേലയിൽ നിന്നുള്ള അസംസ്കൃത എണ്ണ സംസ്കരിക്കാനും റിലയൻസിന് ശേഷിയുണ്ട്. അതിനാൽ റഷ്യൻ ക്രൂഡിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനേക്കാൾ വിവിധ സ്രോതസുകളിൽ നിന്നുള്ള എണ്ണ ലഭ്യത ഉറപ്പാക്കുന്നതിനാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |