
നെഞ്ചിടിച്ച് സാമ്പത്തിക മേഖല
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് നീങ്ങുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം തടസപ്പെടുന്നതും എണ്ണ ഉത്പ്പാദന കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണഭീഷണിയും വിതരണ ആശങ്ക ശക്തമാക്കുന്നു. യു.എസ് ഫെഡറൽ റിസർവിന്റെ ഒക്ടോബർ 27, 28 തീയതികളിലെ ധനനയ യോഗവും വിപണിയുടെ ഗതി നിർണയിക്കും.
കഴിഞ്ഞ വാരം ബ്രെന്റ് ക്രൂഡ് വില ഏകദേശം ഏഴ് ശതമാനം ഉയർന്ന് ബാരലിന് 117.38 ഡോളറിലെത്തി. യു.എസ് ക്രൂഡ് വിലയായ ഡബ്ല്യു.ടി.ഐ 4.3 ശതമാനം ഉയർന്ന് 103.27 ഡോളറിലും അവസാനിച്ചു. ഇന്ത്യയിൽ എം.സി.എക്സിൽ നവംബർ ക്രൂഡ് ഫ്യൂച്ചേഴ്സ് 4.32 ശതമാനം ഉയർന്ന് ബാരലിന് 9,800 രൂപയിലെത്തി.
ക്രൂഡ് വിലയിലെ കുതിപ്പ് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കൂട്ടാനും രൂപയുടെ മൂല്യത്തിനും നാണയപ്പെരുപ്പത്തിനും കമ്പനികളുടെ ലാഭക്ഷമതയെയും സമ്മർദത്തിലാക്കും. സംഘർഷം കുറയുന്ന സൂചനകൾ ലഭിച്ചാൽ വിലയിൽ പെട്ടെന്നുള്ള ഇടിവിനും സാദ്ധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |