SignIn
Kerala Kaumudi Online
Monday, 26 October 2026 12.03 AM IST

3,000 വനിതാ ആരാധകർ, സമ്മാനമായി വെള്ളിവിളക്ക്; ലക്ഷ്യം രാഷ്‌ട്രീയ പ്രവേശനമോ?​ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മൗനം

dhanush
ധനുഷ്

ചെന്നൈ: തന്റെ ആരാധക സംഘടനയിലെ 3,000ത്തിലേറെ വനിതാ ഭാരവാഹികളും പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി നടൻ ധനുഷ്. ചെന്നൈയിലെ സെമഞ്ചേരിയിലുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലായിരുന്നു കൂടിക്കാഴ്ച. രാവിലെ മുതൽ കനത്ത മഴ പെയ്‌തിട്ടും വിവിധ ജില്ലകളിൽ നിന്നുള്ള വനിതാ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ഉച്ചയ്‌ക്ക് 12 മണിക്ക് ധനുഷ് എത്തുമെന്ന് അറിയിച്ചെങ്കിലും വൈകിട്ട് മൂന്നോടെയാണ് അദ്ദേഹം കാമ്പസിൽ എത്തിയത്. കാത്തിരുന്ന പ്രവർത്തകർക്ക് സംഘാടകർ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ചടങ്ങിൽ നൂറ് കണക്കിന് ആരാധകർക്കൊപ്പം താരം ചിത്രങ്ങളുമെടുത്തു.


ദീപാവലിയോടനുബന്ധിച്ച് റിട്ടേൺ ഗിഫ്റ്റായി വനിതാ പ്രവർത്തകർക്ക് വെള്ളിവിളക്കുകളും ധനുഷ് സമ്മാനിച്ചു. നേരത്തെ 'ധനുഷ് നർപണി മൻട്രം' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ആരാധക സംഘടനയെ അടുത്തിടെയാണ് 'ധനുഷ് നർപണി ഇയക്കം' എന്ന പേരിൽ ക്ഷേമപ്രസ്ഥാനമായി പുനഃസംഘടിപ്പിച്ചത്. സംഘടനയുടെ ഈ മാറ്റത്തിന് പിന്നാലെ നടന്ന വനിതാ സംഗമം ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ആക്കം കൂട്ടിയിട്ടുണ്ട്.

കോയമ്പത്തൂരിൽ ഒക്ടോബർ 14ന് ചേർന്ന ഭാരവാഹികളുടെ യോഗത്തിലാണ് സംഘടനയുടെ പേരുമാറ്റത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. പേരുമാറ്റത്തിനൊപ്പം അതിന്റെ ലോഗോയും ചർച്ചയായിരുന്നു. രാവിലെ മുതൽ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു തങ്ങൾക്കെല്ലാവർക്കും ഭക്ഷണം ഒരുക്കിയിരുന്നു. വിജയ് രാഷ്ട്രീയത്തിലിറങ്ങി മുഖ്യമന്ത്രിയായതുപോലെ ധനുഷും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കോയമ്പത്തൂരിൽ നിന്നെത്തിയ വനിതാ ഭാരവാഹി പറഞ്ഞു.

ആരാധക സംഗമത്തെക്കുറിച്ചും രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെക്കുറിച്ചുമുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ധനുഷ് പ്രതികരിച്ചില്ല. എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, 'വളരെ സന്തോഷം' എന്നു മാത്രം പറഞ്ഞ് കൂടുതൽ പ്രതികരണങ്ങൾക്ക് നിൽക്കാതെയാണ് കോളേജിൽ നിന്നും മടങ്ങിയത്. നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. കഴിഞ്ഞയാഴ്ച ധനുഷ് ഡൽഹിയിലെത്തി ചില രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

തന്റെ ആരാധകർ സിനിമാ പരിപാടികളിൽ പങ്കെടുക്കുന്നതിൽ മാത്രം ഒതുങ്ങാതെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളിലും സജീവമാകണമെന്ന് അദ്ദേഹം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ജൂലായ് 27ന് തിരുവള്ളൂർ ജില്ലയിൽ നടന്ന പരിപാടിയിൽ ആരാധകരുടെ ഐക്യത്തിന് കൃത്യമായ ലക്ഷ്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സിനിമകളുടെ ഓഡിയോ ലോഞ്ചുകളിൽ പങ്കെടുക്കുന്നതിനു പുറമേ, സ്വന്തം പ്രദേശങ്ങളിലെ ജനങ്ങൾക്കും സമീപത്തുള്ള കുടുംബങ്ങൾക്കും കഴിയുന്ന സഹായങ്ങൾ നൽകാൻ ആരാധകർ മുന്നോട്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

English Summary

Actor Dhanush met over 3,000 women members of his newly rebranded welfare fan club, 'Dhanush Narpani Iyakkam', in Chennai. The event intensified speculation about his political entry, especially given the club's restructuring. Dhanush, who distributed Diwali gifts, declined to address media questions regarding his political future.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHANUSH, DHANUSH NARPANI IYAKKAM, CHENNAI, LATESTNEWS, TAMILNADU POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360