
വാർഷിക റിട്ടേണിന് ജനുവരി 31 വരെ ഇളവ്
കൊച്ചി: കമ്പനികൾ 2025-26 സാമ്പത്തിക വർഷത്തെ വാർഷിക സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകളും റിട്ടേണുകളും സമർപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം നീട്ടി. സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾ ഡിസംബർ 31 വരെയും വാർഷിക റിട്ടേണുകൾ 2027 ജനുവരി 31 വരെയും അധിക ഫീസ് ഇല്ലാതെ സമർപ്പിക്കാം.
കമ്പനികൾക്ക് നിയമപരമായ രേഖകൾ സമർപ്പിക്കുന്നതിനുള്ള എം.സി.എ 21 പോർട്ടലിലെ സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി വിവിധ മേഖലകളിൽനിന്ന് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഒക്ടോബർ 24ലെ സർക്കുലറിലാണ് മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചത്.
സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കുന്നതിനുള്ള എ.ഒ.സി-4, എ.ഒ.സി-4 (സി.എഫ്.എസ്), എ.ഒ.സി-4 (എക്സ്.ബി.ആർ.എൽ), എ.ഒ.സി-4 എൻ.ബി.എഫ്.സി (ഇൻഡ് എ.എസ്), എ.ഒ.സി-4 സി.എഫ്.എസ് എൻ.ബി.എഫ്.സി (ഇൻഡ് എ.എസ്) ഫോമുകൾക്ക് ഡിസംബർ 31 വരെ സമയമുണ്ട്. വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്ന എം.ജി.ടി-7, എം.ജി.ടി-7എ ഫോമുകൾക്ക് ജനുവരി 31 വരെയും ഇളവ് ലഭിക്കും.
നേരത്തേ സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31ഉം വാർഷിക റിട്ടേണുകൾക്ക് നവംബർ 30ഉം ആയിരുന്നു.
എന്നാൽ വാർഷിക പൊതുയോഗങ്ങൾ (എ.ജി.എം) നടത്താനുള്ള നിയമപരമായ സമയപരിധിയിൽ മാറ്റമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ പൊതുയോഗം നടത്താത്ത കമ്പനികൾ നടപടികൾ നേരിടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |