
നിക്ഷേപകർ വീണ്ടും മുൾമുനയിൽ
കൊച്ചി: പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുമെന്ന ആശങ്കയിൽ രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നെഞ്ചിടിപ്പേറുന്നു. ലെബനണിൽ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഹൊർമുസ് ഇടനാഴി അടക്കുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമാധാന കരാർ ഒപ്പുവെക്കുന്നതിനുള്ള ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, ഇറാന്റെ പാർലമെന്റ് സ്‌പീക്കർ മൊഹമ്മദ് ഖാലിബ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്‌ബാസ് ഷെരീഫ് എന്നിവർ ഇന്നലെ സ്വിറ്റ്‌സർലൻഡിൽ എത്തിയിട്ടുണ്ട്. ചർച്ചയിലെ ഫലപ്രാപ്‌തിയാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌ക്യാനും 60 ദിവസത്തെ ചർച്ചകൾക്ക് കളമൊരുക്കി നേരത്തെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
ചർച്ചകളുടെ പുരോഗതി വിലയിരുത്തി രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിൽ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വാരം ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 76 ഡോളർ വരെ കുറഞ്ഞത് നിക്ഷേപകർക്ക് ഏറെ ആവേശം പകർന്നിരുന്നു. സമാധാന കരാർ 60 ദിവസത്തിനുള്ളിൽ ഒപ്പുവെച്ചില്ലെങ്കിൽ ഹൊർമുസ് ഇടനാഴിയിൽ ടോൾ ഏർപ്പെടുത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നു
പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നതും ഡോളറിനെതിരെ രൂപ നിലമെച്ചപ്പെടുത്തിയതും ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപ പങ്കാളിത്തം വർദ്ധിപ്പിക്കുന്നു. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വാരം മൂന്ന് വ്യാപാര സെഷനുകളിലും വിദേശ ഫണ്ടുകൾ ഇന്ത്യൻ ഓഹരിയിൽ വാങ്ങൽ താത്പര്യം പ്രകടിപ്പിച്ചു. കഴിഞ്ഞ വാരം വിദേശ നിക്ഷേപകർ 3,386 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
രൂപയ്ക്ക് നല്ല കാലം
ഇറാൻ യുദ്ധത്തിലും ക്രൂഡ് വിലയിലെ കുതിപ്പിലും റെക്കാഡ് തകർച്ച നേരിട്ട രൂപ ശക്തമായി തിരിച്ചുകയറുന്നു. ലോകത്തിലെ മുൻനിര നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതും വിദേശ നിക്ഷേപകരുടെ മടങ്ങിവരവുമാണ് രൂപയ്ക്ക് കരുത്തായത്. രണ്ടാഴ്ച മുൻപ് 96.96 വരെ തകർന്നടിഞ്ഞ രൂപ ജൂൺ 19ന് 94.34ലേക്ക് നിലമെച്ചപ്പെടുത്തി. റിസർവ് ബാങ്കും കേന്ദ്ര സർക്കാരും വിദേശ നിക്ഷേപം ആകർഷിക്കാൻ പ്രഖ്യാപിച്ച നടപടികളും രൂപയ്ക്ക് ഗുണമായി.
പ്രധാന സംഭവങ്ങൾ
1. പ്രാരംഭ ഓഹരി വിപണിയിലെ ചലനങ്ങൾ
2. കാലവർഷത്തിന്റെ പുരോഗതിയും നീക്കവും
3. ചൈനയിലെ കേന്ദ്ര ബാങ്കിന്റെ പലിശ തീരുമാനം
4. അമേരിക്കയിലെ നാണയപ്പെരുപ്പ കണക്കുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |