SignIn
Kerala Kaumudi Online
Monday, 25 May 2026 5.57 AM IST

ഇത്തവണയും ശ്രദ്ധാകേന്ദ്രം... ഒല്ലൂരിൽ എതിരാളിയെ കാത്ത് മന്ത്രി രാജൻ

politics

തൃശൂർ: ആര് ജയിക്കുന്നോ അവർ സംസ്ഥാനം ഭരിക്കും. ഒല്ലൂരിന് മാത്രം അങ്ങനെയൊരു സവിശേഷമായ ജനവിധിയുണ്ട്. ഇതിന് മാറ്റമുണ്ടാകുമോയെന്ന ആകാംക്ഷയാണ് ഇനി ബാക്കി. രണ്ടു തവണ ഒല്ലൂരിനെ പ്രതിനിധീകരിച്ച മന്ത്രി കെ.രാജനാണ് ഇത്തവണയും ഇടത് സ്ഥാനാർത്ഥി. മണ്ഡലത്തിലെ ആളുകളെ നേരിട്ട് കണ്ടും വികസനം പറഞ്ഞും രാജൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. പ്രധാന വികസനം പുത്തൂർ സുവോളജിക്കൽ പാർക്കാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ആരാകുമെന്ന് ഉറപ്പായിട്ടില്ല. അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളും ഇദ്ദേഹം സ്ഥാനാർത്ഥിയായി വന്നാൽ മത്സരം കടുക്കുമെന്ന് ജില്ലാ, സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, തൃശൂരിൽ ആരാണെന്നതിൽ വ്യക്തത വരുത്തിയിട്ടേ ഒല്ലൂരിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കൂവെന്നാണ് കോൺഗ്രസ് നിലപാട്. അഡ്വ.ജോസഫ് ടാജറ്റ്, ടി.വി.ചന്ദ്രമോഹൻ, രാജൻ പല്ലൻ എന്നിവരെയാണ് തൃശൂരിൽ പരിഗണിക്കുന്നത്. ഇവിടെ സീറ്റ് കിട്ടാതെ വന്നാൽ ഒല്ലൂരിലേക്ക് മാറ്റുന്നതും പരിഗണനയിലാണ്. ഈ നീക്കത്തെ ഒല്ലൂരിലെ കോൺഗ്രസ് നേതൃത്വം എതിർത്തിട്ടുമുണ്ട്. ബി.ജെ.പിയിൽ ബി.ഗോപാലകൃഷ്ണനാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണ മണ്ഡലത്തിൽ തന്നെയുള്ള ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ് സ്ഥാനാർത്ഥിയാകാനാണ് സാദ്ധ്യത. തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒല്ലൂർ മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ കിട്ടിയത് ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിക്കാണെന്നത് ബി.ജെ.പിക്ക് ആശ്വാസം പകരുന്നു.

നാല് പഞ്ചായത്തുകൾ

നാല് പഞ്ചായത്തുകൾ അടങ്ങുന്നതാണ് ഒല്ലൂർ മണ്ഡലം. മാടക്കത്തറ, നടത്തറ പഞ്ചായത്തുകൾ എൽ.ഡി.എഫ് ഭരണത്തിലും പാണഞ്ചേരി, പുത്തൂർ പഞ്ചായത്തുകൾ യു.ഡി.എഫിന്റെ കൈയിലുമാണ്. കോർപറേഷനിലെ മുല്ലക്കര, കുരിയച്ചിറ, എടക്കുന്നി, ചിയ്യാരം സൗത്ത്, പനമുക്ക്, മണ്ണുത്തി, അഞ്ചേരി, തൈക്കാട്ടുശേരി, കൂർക്കഞ്ചേരി, നെടുപുഴ, വലക്കാവ്, പടവരാട്, ഒല്ലൂർ, കണിമംഗലം എന്നീ വാർഡുകളും ഒല്ലൂർ മണ്ഡലത്തിന്റെ ഭാഗമാണ്.

2021ലെ വോട്ട് നില

എൽ.ഡി.എഫ് കെ.രാജൻ 76,657
യു.ഡി.എഫ് ജോസ് വള്ളൂർ 55,151
ബി.ജെ.പി ബി.ഗോപാലകൃഷ്ണൻ 22,295
ഭൂരിപക്ഷം 21,506.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL