SignIn
Kerala Kaumudi Online
Monday, 25 May 2026 9.25 AM IST

ഏറ്റെടുക്കാൻ പുതുതലമുറയില്ല : വെളിച്ചം മങ്ങി കൂത്തുമാടങ്ങൾ !

koothu

ചെറുതുരുത്തി: പുതുതലമുറ കടന്നുവരാത്തതിനാൽ ഉത്സവകാലത്തും കൂത്തുമാടങ്ങളിലെ വെളിച്ചം മങ്ങുന്നു. നേരത്തെ 150 കൂത്തുമാടങ്ങളുണ്ടായിരുന്നത് (കൂത്ത് അവതരിപ്പിക്കുന്ന സ്ഥിരംവേദി) ഇന്ന് 85 ആയി ചുരുങ്ങി. പ്രതിഫലക്കുറവും ഉറക്കമിളച്ചുള്ള പ്രയത്‌നവുമെല്ലാം പുതുതലമുറയെ പരമ്പരാഗത കലാരൂപത്തിൽ നിന്നും അകറ്റുന്നു. പത്തോ പന്ത്രണ്ടോ കലാകാരന്മാരാണ് മേഖലയിൽ സജീവമായുള്ളത്. ആളില്ലാത്തതിനാൽ പലപ്പോഴും മൂന്നോ നാലോ പേരാണ് തോൽപ്പാവക്കൂത്ത് അവതരിപ്പിക്കാനെത്തുന്നത്. നേരത്തെ പത്തോളം പേരടങ്ങുന്ന സംഘമാണ് അവതരിപ്പിച്ചിരുന്നത്. ദിവസം 6,000 മുതൽ 7,500 വരെയാണ് പ്രതിഫലമായി ലഭിക്കുക. ഉറക്കമിളച്ച് 7 മുതൽ 21 വരെ ദിവസം കൂത്ത് അവതരിപ്പിക്കണം. മാൻ, ആട് എന്നിവയുടെ തോലുകളാൽ നിർമ്മിക്കുന്ന പാവകളിൽ സുഷിരം തീർത്ത് ഇതിലൂടെ വെളിച്ചം കടത്തിവിടും. കൂത്തുമാടത്തിൽ വലിച്ചുകെട്ടിയ വെള്ള, കറുപ്പ് തുണികൾക്ക് പിന്നിൽ കൽവിളക്കുകളിൽ തീർത്ത വെളിച്ചത്തിന്റെ നിഴലിലാണ് തമിഴ്-കന്നട-സംസ്‌കൃതം കലർന്ന ഭാഷയിൽ കഥകൾ ചൊല്ലുക. പാവകൾക്കായി ഉപയോഗിക്കുന്ന തോൽ 150 മുതൽ 200 വർഷം വരെ സൂക്ഷിക്കും. ശ്രീരാമ പട്ടാഭിഷേകം വരെയാണ് കൂത്തിന്റെ അവതരണം. യുദ്ധകാണ്ഡം ആരംഭം മുതൽ കളിക്കുകയാണെങ്കിൽ 41 ദിവസം വേണം. ജനുവരി മുതൽ ജൂൺ വരെ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ദേവീക്ഷേത്രങ്ങളിലെ കലാകാരന്മാരുടെ നേതൃത്വത്തിലാണ് കൂത്ത് അരങ്ങേറുക.


കൂത്തിന്റെ പണ്ഡിതർ

കൂത്ത് അവതരിപ്പിക്കുന്നവർ പുലവർ എന്നറിയപ്പെടുന്ന തമിഴ് വംശജരാണ്. പുലവർ എന്നാൽ പണ്ഡിതൻ എന്നാണർത്ഥം. ഒറ്റപ്പാലം താലൂക്കിലെ കൂനംതറയിൽ രണ്ട് പുലവർ കുടുംബങ്ങളുണ്ട്. മറ്റുവിഭാഗങ്ങളിലുള്ള എട്ടോളം പേരും നിലവിൽ കൂത്ത് അവതരിപ്പിക്കുന്നുണ്ട്. ചെണ്ട, മദ്ദളം, ഏഴുപറ, താളം, ചിലങ്ക, ശംഖ് എന്നീ വാദ്യങ്ങളാണ് ഉപയോഗിക്കുക.

ഐതിഹ്യം...

ദാരികനെ നിഗ്രഹിക്കാൻ പരമശിവൻ തന്റെ കണ്ഠത്തിലെ കാളകൂട വിഷത്തിൽ നിന്ന് ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെനാളത്തെ യുദ്ധത്തിനൊടുവിൽ കാളി ദാരികനെ വധിച്ചു. ദാരികനും കാളിയും തമ്മിലുള്ള യുദ്ധസമയത്താണത്രേ രാമ - രാവണ യുദ്ധവും നടന്നത്. അതിനാൽ രാമൻ രാവണനെ നിഗ്രഹിക്കുന്നത് കാണാൻ കാളിക്കായില്ല. ഈ കുറവ് നികത്താനാണത്രേ കാളീക്ഷേത്രങ്ങളിൽ കൂത്ത് നടത്തുന്നത്.


തോൽപ്പാവക്കൂത്ത് മേഖലയിലേക്ക് പുതുതലമുറ കടന്നുവരുന്നില്ല. തുച്ഛമായ വേതനത്തിന് കൂത്ത് അവതരിപ്പിക്കാൻ ആളെ കിട്ടാത്ത സ്ഥിതിയാണ്.

വിശ്വനാഥ പുലവർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL