SignIn
Kerala Kaumudi Online
Monday, 25 May 2026 5.58 AM IST

കർഷകരിലേക്ക് ഇടപെട്ട് കാർഷിക കോളേജ്

വിഴിഞ്ഞം: മഴ മുന്നറിയിപ്പു മുതൽ കാർഷിക രംഗത്തെ മുന്നറിയിപ്പുമായി വെള്ളായണി കാർഷിക കോളേജ് കാലാവസ്ഥാ ബുള്ളറ്റിൻ ആരംഭിച്ചു.ജില്ലയിൽ വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാലാണ് കർഷകർക്കായുള്ള വിളോപദേശങ്ങൾ നൽകുന്ന സംവിധാനം ഒരുക്കിയത്. വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് വെള്ളായണി ദക്ഷിണമേഖല കാർഷിക ഗവേഷണ കേന്ദ്രവും ഇന്ത്യ കാലാവസ്ഥാവകുപ്പും സംയുക്തമായി പുറപ്പെടുവിച്ച കാലാവസ്ഥാ ബുള്ളറ്റിൻ അറിയിച്ചു. മാർച്ച് 4 വരെയുള്ള ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ ലഭിച്ചേക്കാം.

കർഷകർക്കുള്ള നിർദ്ദേശങ്ങൾ

വിളകൾക്ക് കൃത്യമായ ഇടവേളകളിൽ നനവ് ഉറപ്പാക്കണം. ഈർപ്പം നിലനിറുത്താനായി ചെടികളുടെ ചുവട്ടിൽ ജൈവവസ്തുക്കൾ ഉപയോഗിച്ച് പുതയിടുകയോ ചകിരിച്ചോർ കമ്പോസ്റ്റ് ഉപയോഗിക്കുകയോ ചെയ്യാം.തെങ്ങ്,കവുങ്ങ്, റബ്ബർ തുടങ്ങിയ വൃക്ഷവിളകളുടെ തായ്തടിയിൽ കുമ്മായം പൂശി സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കാം. തൈകൾക്ക് തെങ്ങോലയുപയോഗിച്ച് തണൽ നൽകാം.

വിളനിർദ്ദിഷ്ട ഉപദേശങ്ങൾ

തെങ്ങ്: തെങ്ങിൻ മണ്ടയിലെ എലികളെ നിയന്ത്രിക്കാൻ തടിയിൽ 1.5മുതൽ 2മീറ്റർ ഉയരത്തിൽ 40സെ.മീ വീതിയുള്ള തകിട് ചുറ്റുന്നത് ഫലപ്രദമാണ്. ബ്രോമോഡയലോൺ അടങ്ങിയ എലിവിഷം പത്ത് ദിവസത്തെ ഇടവേളയിൽ രണ്ടുതവണ മണ്ടയിൽ വയ്ക്കണം. അഞ്ചു തെങ്ങിന് ഒന്ന് എന്ന തോതിൽ വിഷം വയ്ക്കുന്നത് നന്നായിരിക്കും.

പച്ചക്കറികൾ: പച്ചക്കറികളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ മഞ്ഞക്കെണികൾ ഉപയോഗിക്കാം. മഞ്ഞ പെയിന്റ് അടിച്ച ടിന്നുകളിലോ പ്ലാസ്റ്റിക് ഷീറ്റുകളിലോ ആവണക്കെണ്ണയോ ഗ്രീസോ പുരട്ടി തോട്ടത്തിൽ സ്ഥാപിക്കുന്നത് കീടങ്ങളെ ആകർഷിക്കാൻ സഹായിക്കും.

ചേന: വേനൽമഴ ലഭിച്ച സ്ഥലങ്ങളിൽ കുമ്മായവും ട്രൈക്കോഡെർമ്മ ചേർത്ത ചാണകവും ഉപയോഗിച്ച് നിലമൊരുക്കി ചേന നടാം.നടീൽ സമയത്ത് കുഴിയൊന്നിന് 10-15 ഗ്രാം മൈക്കോറൈസ ചേർക്കുന്നത് വിളയുടെ വളർച്ചയ്ക്കും രോഗപ്രതിരോധത്തിനും സഹായിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, AGC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL