SignIn
Kerala Kaumudi Online
Monday, 25 May 2026 9.04 AM IST

നവീകരിച്ചിട്ടും കാര്യമില്ല,​ യാത്രക്കാരെ വീഴ്ത്തി റോഡുകളിൽ വെള്ളക്കെട്ട്

1
പടുതോട് - തുണ്ടിയംകുളം- പരിയാരം- മല്ലപ്പള്ളി പഞ്ചായത്ത് റോഡിൽ തുണ്ടിയംകുളത്തിന് സമീപത്തെ വെള്ളക്കെട്ട്.

മല്ലപ്പള്ളി : കോടികൾ ചെലവഴിച്ച് നിർമ്മിച്ച റോഡിലെ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു. ആശങ്കയിൽ യാത്രക്കാർ. പൂവനക്കടവ് - ചെറുകോൽപ്പുഴ , പുല്ലാട് റോഡ്, മല്ലപ്പള്ളി പഞ്ചായത്തുപടി - പരിയാരം, പടുതോട് - തുണ്ടിയംകുളം എന്നീ റോഡുകളിലാണ് ഓടയ്ക്ക് മുകളിലൂടെയും റോഡിലൂടെയും വെള്ളം ഒഴുകുന്നത്. പഴയ കലുങ്കുകൾ നവീകരിച്ചെങ്കിലും ഓട വൃത്തിയാക്കാൻ അധികൃതർ തയാറായില്ല. റോഡ് മെച്ചപ്പെടുത്തുന്നതിനും ഓട നിർമ്മാണത്തിനും പദ്ധതി വിഭാവനം ചെയ്ത് പണികൾ പൂർത്തിയാക്കിയെങ്കിലും പൂർണതോതിൽ പ്രവൃത്തികൾ നടക്കാത്തതിനാൽ റോഡ് പഴയ സ്ഥിതിയിലാകുമെന്ന പരാതിയും ആദ്യമെ തന്നെ നില നിന്നിരുന്നു. മഴക്കാലത്ത് റോഡിൽ ഉണ്ടാകുന്ന വെള്ളക്കെട്ടാണ് തകർച്ചയ്ക്ക് കാരണമാകുന്നത്. വെള്ളക്കെട്ട് രൂക്ഷമാകുന്ന ഭാഗങ്ങളിൽ നിർമ്മാണത്തിലെ അശാസ്ത്രീയത വെളിവാക്കുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു. റോഡിലൂടെ വെള്ളം നിരന്നൊഴുകുന്നതിനാൽ ഇരുചക്ര വാഹന യാത്രികർക്കും കാൽനടയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. വലിയ വാഹനങ്ങൾ പോകുമ്പോൾ ചെറിയ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ ദേഹത്ത് വെള്ളം തെറിച്ചു വീഴുന്നതും പതിവാണ്.

ഓടയുണ്ടെങ്കിലും നീരൊഴുക്ക് റോഡിലൂടെ

പരിയാരം റോഡിൽ മല്ലപ്പള്ളി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് മുന്നിലെ കൊടുംവളവുകളിൽ ഓട നിർമ്മിച്ചെങ്കിലും റോഡിലൂടെയാണ് നീരൊഴുക്ക്. പടുതോട് മുതൽ തുണ്ടിയംകുളം പരിയാരം വരെ ആറ് ഇടങ്ങളിലാണ് വെള്ളക്കെട്ട്. പുല്ലാട് റോഡിൽ നെയ്തേലിപ്പടി, പൂവത്തിളപ്പ് സെന്റ് തോമസ് സ്കൂൾപ്പടി എന്നിവിടങ്ങളിലാണ് റോഡിലൂടെ വെള്ളം ഒഴുകുന്നത്. ചെറുകോൽപ്പുഴ റോഡിൽ ചേർത്തോടിനും പാടി മണ്ണിനും ഇടയിൽ 4 ഇടങ്ങളിലാണ്. ഇവിടെ മക്കയിടത്തും വെള്ളം കെട്ടി കിടക്കുന്നു. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അധികൃതർ തുടർനടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

...................................................................

പാതയിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽനട യാത്രികർക്കും ഒരുപോലെ ഭീഷണിയാകുകയാണ്. വെള്ളക്കെട്ട് മറികടന്ന് എത്തുന്ന ഇരുചക്രവാഹനക്കാർ പലപ്പോഴും തല നാരിഴയ്ക്കാണ് രക്ഷപ്പെടാറുള്ളത്. പ്രദേശത്തെപ്പറ്റി പഠനം നടത്താതെ പദ്ധതി ആവിഷ്കരിച്ചതാണ് യാത്രാദുരിതത്തിനിടയാക്കിയത്.

സതീഷ് കുമാർ

(ടാക്സി ഡ്രൈവർ)

...................................................................

ചെറുകോൽപ്പുഴ റോഡിൽ ചേർത്തോടിനും പാടി മണ്ണിനും ഇടയിൽ 4 ഇടങ്ങളിലും വെള്ളക്കെട്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL