SignIn
Kerala Kaumudi Online
Monday, 25 May 2026 10.11 AM IST

വേനൽ മഴയിൽ തീരില്ല പൂവൻപാറയുടെ ദാഹം

poovanpara

പത്തനംതിട്ട : മാനം കറുത്ത് വേനൽമഴ തിമിർത്തെങ്കിലും നഗരത്തിലെ പൂവൻപാറ മലയിലെ കിണറുകളിൽ നനവ് ഉൗറിയെത്തിയിട്ടില്ല. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തിന്റെ ദാഹം അകലണമെങ്കിൽ ദിവസങ്ങളോളം തോരാമഴ പെയ്യണം. അതുവരെ ക്യാനും കലങ്ങളും മുറ്റത്തു നിരത്തി കുടിവെളള വിതരണ വണ്ടികളുടെ ഹോണടി കാത്തിരിക്കണം. മലമുകളിലേക്ക് പൈപ്പുലൈനുകളിൽ വെള്ളം എത്തുന്നത് ആഴ്ചയിൽ രണ്ടു ദിവസം. വൈകുന്നേരങ്ങളിൽ ഒന്നോരണ്ടോ മണിക്കൂർ മാത്രം വെളളം കിട്ടും. ഒരു പൈപ്പിനെ അഞ്ച് വീട്ടുകാർ വരെ ആശ്രയിക്കുന്നുണ്ട്. പൂവൻപാറയിലെ വീട്ടുകാർക്ക് റേഷൻ പോലെയാണ് പൈപ്പുവെള്ളം. പരസ്പരം സഹകരിച്ചില്ലെങ്കിൽ വഴക്കും കയ്യാങ്കളിയുമുണ്ടാകും. ഒരു വീട്ടുകാർക്ക് പരമാവധി മൂന്ന് കലം വെള്ളം കിട്ടും. പൈപ്പ് കാലിയാകുന്നതിന് മുൻപ് എല്ലാവരുടെയും കലം നിറയണം. അതുകൊണ്ട് ഒരോ വീട്ടുകാരും ഉൗഴം കഴിയുമ്പോൾ മാറിക്കൊടുക്കും.

പൂവൻപാറ പുതുപ്പറമ്പിൽ വിനുവിന്റെ വീടിന്റെ ടെറസിൽ നിന്ന് നാലിഞ്ചിന്റെ പൈപ്പ് മുറ്റത്തേക്ക് നീട്ടിയിട്ടിട്ടുണ്ട്. നിലത്ത് കലങ്ങളും ചരുവങ്ങളും നിരത്തി. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ പാത്രങ്ങൾ നിറഞ്ഞു. കുളിക്കാനും തുണികൾ അലക്കാനുമുള്ളത് കിട്ടി. പാചകത്തിനുളള വെള്ളം അഞ്ഞൂറ് മീറ്റർ താഴ്ചയിൽ ലതികയുടെ വീട്ടിൽ നിന്ന് വിനുവും രാജിയും ചുമന്നു കൊണ്ടുവരും.

കുടിവെള്ളത്തിന് കയ്യാങ്കളി

കുടിവെളളത്തിന്റെ പേരിൽ പൂവൻപാറയിൽ വഴക്കും കയ്യാങ്കളിയും നടന്നത് കഴിഞ്ഞയാഴ്ചയാണ്. നഗരസഭയുടെ ജലവിതരണ ടാങ്കർ ലോറി എത്തുമ്പോൾ ചില വീട്ടുകാർക്ക് അഞ്ഞൂറ് ലിറ്ററിന്റെ ടാങ്കിൽ വെള്ളം നിറയ്ക്കണം. ചെറിയ പാത്രങ്ങളും ക്യാനുകളും വയ്ക്കുന്ന വീടുകളുടെ മുന്നിൽ എത്തുമ്പോഴേക്കും ലോറിയിലെ ടാങ്ക് കാലിയാകും. വെളളം കിട്ടാത്തവർ വണ്ടി തടഞ്ഞ് ജീവനക്കാരെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. കേസില്ലാതെ പ്രശ്നം രമ്യതയിലാക്കി. വെള്ളം ശേഖരിക്കാൻ ചെറിയ പാത്രങ്ങളോ ക്യാനുകളോ വയ്ക്കണമെന്ന് നഗരസഭ നിർദേശിക്കാറുണ്ട്. ഇത് പലരും പാലിക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

പൈപ്പിലൂടെ വെള്ളം എത്തുന്നത് ആഴ്ചയിൽ രണ്ടുദിവസം കുറച്ചു സമയം മാത്രമാണ്. ഒരു പൈപ്പിന്റെ പരിസരത്തെ എല്ലാ വീട്ടുകാർക്കും ഒരു ദിവസത്തേക്കു പോലും തികയില്ല. ടാങ്കർ ലോറി എല്ലാ ദിവസവും എത്തുന്നില്ല.

രാജി, പൂവൻപാറ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL