SignIn
Kerala Kaumudi Online
Monday, 25 May 2026 6.01 AM IST

കഞ്ചിക്കോട്ടെ വാട്ടർ എ.ടി.എമ്മുകൾ കാലി

water-atm
കഞ്ചിക്കോട് ആരോഗ്യ കേന്ദ്രത്തിനു മുന്നിലുള്ള വാട്ടർ എ.ടി.

കഞ്ചിക്കോട്: യാത്രക്കാർക്ക് തുച്ഛമായ വിലയ്ക്ക് കുടിവെള്ളം നൽകാൻ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച വാട്ടർ എ.ടി.എം പദ്ധതി അട്ടിമറിക്കപ്പെടുന്നു. ദേശീയപാതയരികിലും പ്രധാന കവലകളിലും സ്ഥാപിച്ച വാട്ടർ എ.ടി.എമ്മുകളെല്ലാം മാസങ്ങളായി പ്രവർത്തന രഹിതമായി കിടക്കുകയാണ്. ഇവ നന്നാക്കാൻ എ.ടി.എം സ്ഥാപിച്ച കമ്പനികൾ സഹകരിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. കഞ്ചിക്കോട് വഴിയിടം ജംഗ്ഷൻ, ആരോഗ്യ കേന്ദ്രത്തിന് മുൻ വശം, ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻ വശം എന്നിവിടങ്ങളിലെ വാട്ടർ എ.ടി.എമ്മുകൾ പ്രവർത്തിക്കാതായിട്ട് മാസങ്ങളായി. മഴക്കാലത്ത് സുഗമമായി പ്രവർത്തിച്ച വാട്ടർ എ.ടി.എമ്മുകൾ വേനൽക്കാലത്ത് പണിമുടക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി.
ഒരു രൂപ നാണയമിട്ട് ഒരു ലിറ്ററും അഞ്ച് രൂപ നാണയമിട്ട് അഞ്ച് ലിറ്ററും വെള്ളം എടുക്കാൻ പറ്റുന്ന വാട്ടർ എ.ടി.എമ്മുകൾ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ആണ് സ്ഥാപിച്ചത്. ഒരു ലിറ്റർ കുപ്പിവെള്ളം 20 രൂപക്ക് വാങ്ങിയിരുന്ന യാത്രക്കാർക്ക് വാട്ടർ എ.ടി.എം സ്ഥാപിച്ചത് വലിയ അനുഗ്രഹമായി. ശുദ്ധമായ തണുപ്പിച്ച വെള്ളമാണ് എ.ടി.എമ്മിൽ ലഭ്യമായിരുന്നത്. കോയമ്പത്തൂർ-പാലക്കാട് റൂട്ടിലെ യാത്രക്കാർ വാഹനങ്ങൾ നിറുത്തി വാട്ടർ എ.ടി.എമ്മിൽ നിന്ന് വെള്ളം പിടിക്കുന്നത് പതിവായിരുന്നു. ബസ് യാത്രക്കാരും കാൽ നടയാത്രക്കാരും വെള്ളത്തിനായി വാട്ടർ എ.ടി.എമ്മുകളെയാണ് ആശ്രയിച്ചത്. വ്യവസായ മേഖലയിലെ ഫാക്ടറികളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കും ഇത് അനുഗ്രഹമായിരുന്നു.
വാട്ടർ എ.ടി.എമ്മുകൾ കേടു വന്നാൽ കമ്പനിയുടെ സർവീസ് സെന്ററിൽ നിന്നു തന്നെ നന്നാക്കാൻ ആളുവരണമെന്നതാണ് പ്രധാന പ്രശ്നം. തൃശ്ശൂർ ആണ് സർവ്വീസ് സെന്റർ ഉള്ളത്. മൂന്ന് മാസമായി ബ്ലോക്ക് പഞ്ചായത്ത് നിരന്തരം ആവശ്യപ്പെട്ടിട്ടും വാട്ടർ എ.ടി.എം നോക്കാൻ ആരും വന്നിട്ടില്ല. പഞ്ചായത്തിന് സ്വന്തം നിലയ്ക്ക് സാങ്കതിക വിദഗ്ദ്ധരെ കണ്ടെത്തി അറ്റകുറ്റപ്പണി നടത്താൻ അനുമതിയില്ല. വാട്ടർ എ.ടി.എം സ്ഥാപിച്ച കമ്പനിയുടെ സർവീസ് സെന്ററിൽ നിന്ന് ജീവനക്കാർ എത്തുംവരെ കാത്തിരിക്കുകയേ നിവർത്തിയുള്ളു. കഴിഞ്ഞ വർഷം ഇതേ പ്രശ്നമുണ്ടായിട്ട് മഴക്കാലം തുടങ്ങിയ ശേഷമാണ് നന്നാക്കിയത്. കുപ്പിവെള്ള ലോബിയുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് സംശയം.
മെയിന്റനൻസ് ചുമതല ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകൾ ഏറ്റെടുക്കുമെന്നും എത്രയും വേഗം വാട്ടർ എ.ടി.എമ്മുകളിൽ ജല വിതരണം പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടാകുമെന്നും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ വി.സി. ഉദയകുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL