കൊല്ലം : ദേശീയപാതയിൽ പുനലൂർ വാളക്കോട് പുതിയ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള ജനറൽ അലൈൻമെന്റ് ആൻഡ് ഡ്രോയിംഗ് റെയിൽവേയ്ക്ക് സമർപ്പിച്ചതായും ഇതുമായി ബന്ധപ്പെട്ട ജോയിന്റ് ഇൻസ്‌പെക്ഷൻ പൂർത്തിയായതായും എൻ.കെ പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
പുതിയ മേൽപ്പാലവും കാൽനടപ്പാലവും
5.5 മീറ്റർ ക്യാരിയേജ് വേയുള്ള ആർ.ഒ.ബിയാണ് ഇവിടെ നിർമ്മിക്കുന്നത്. ഇതിന് പുറമെ മറുഭാഗത്ത് കാൽനടയാത്രക്കാർക്കായി പ്രത്യേക മേൽപ്പാലവും ഉണ്ടാകും. റോഡ് നിർമ്മാണത്തിന് ചെലവാകുന്നതിന്റെ ഇരുപത് മടങ്ങിലേറെ തുകയാണ് പുതിയ മേൽപ്പാലത്തിന് വേണ്ടി വരുന്നത്. നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ അതിനുള്ള തുക ഉൾപ്പെടെ മുഴുവൻ ചെലവും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വഹിക്കും. ദേശീയപാത അതോറിട്ടി നേരിട്ടായിരിക്കും നിർമ്മാണം നടത്തുക.
ബൈപ്പാസ് ദൂരം 16 കിലോമീറ്ററാകും
പുനലൂർ ബൈപ്പാസിനായി ആദ്യം നൽകിയിരുന്ന അലൈൻമെന്റുകൾ ശബരിമല യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനായി ഒഴിവാക്കി. ആദ്യ നിർദ്ദേശത്തിൽ ബൈപ്പാസിന്റെ ദൂരം 12 കിലോമീറ്റർ ആയിരുന്നുവെങ്കിൽ പുതിയ നിർദ്ദേശപ്രകാരം ഇത് 16 കിലോമീറ്ററായി ഉയരും. ഇടമൺ 34-ൽ നിന്നും ആരംഭിച്ച് കോട്ടവട്ടത്ത് എത്തിച്ചേരുന്ന തരത്തിലാണ് പുതിയ റൂട്ട് വിഭാവനം ചെയ്തിരിക്കുന്നത്.
ശബരിമല തീർത്ഥാടകർക്ക് മുൻഗണന
പുതിയതായി മൂന്ന് അലൈൻമെന്റുകൾ ദേശീയപാത അതോറിറ്റിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്. ജനനിബിഡ പ്രദേശങ്ങളിലെ നിർമ്മിതികളും കെട്ടിടങ്ങളും പൊളിക്കുന്നത് പരമാവധി ഒഴിവാക്കും. ശബരിമല തീർത്ഥാടകർക്ക് കൂടുതൽ പ്രയോജനപ്പെടുന്ന തരത്തിലുള്ള അലൈൻമെന്റുകൾക്കായിരിക്കും പദ്ധതിയിൽ മുൻഗണന നൽകുകയെന്നും എം.പി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |