SignIn
Kerala Kaumudi Online
Monday, 25 May 2026 7.43 AM IST

ഡിജിറ്റൽ ക്രോപ്പ് സർവേ അവസാന ഘട്ടത്തിൽ

കൃഷിയുടെയും കർഷകരുടെയും സമഗ്ര വിവരശേഖരണം

കൊല്ലം: സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർഷിക വിളകളുടെയും കർഷകരുടെയും കൃഷിയിടത്തിന്റെയും സമഗ്ര വിവരശേഖരണത്തിനായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടത്തുന്ന ഡിജിറ്റൽ ക്രോപ്പ് സർവേ അവസാനഘട്ടത്തിലേക്ക് അടുക്കുന്നു. സെൻട്രൽ സെക്ടർ സ്കീമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.കാർഷിക വിളകളുടെ സമഗ്ര ഡാറ്റാബേസ് നിർമ്മിക്കുകയാണ് പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി ഫസൽ ബീമാ യോജന,പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, കാർഷിക ലോണുകൾ തുടങ്ങിയവ ഭാവിയിൽ ഈ ഡേറ്റാബേസുമായി സംയോജിപ്പിക്കും.അതി​നാൽ കർഷകർക്ക് ആനുകൂല്യങ്ങൾ വേഗം ലഭ്യമാകും. കാർഷിക ഉത്പന്നങ്ങളുടെ സംഭരണം,മൂല്യവർദ്ധന,വിപണനം,കയറ്റുമതി എന്നിവയും കൃത്യമായി നടത്താൻ കഴിയും.

നേരിട്ട് വിവരശേഖരണം

ജില്ലയിലെ 33 വില്ലേജുകളിലായി 8.01 ലക്ഷം പ്ലോട്ടുകളിലാണ് സർവേ നടക്കുന്നത്. സർവേയർമാർ അവർക്ക് അലോട്ട് ചെയ്ത സർവേ പ്ലോട്ടുകൾ നേരിട്ട് സന്ദർശിച്ചാണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്. നിലവിൽ 859 സർവേയർമാരാണ് വിവരശേഖരണം നടത്തുന്നത്. റവന്യൂ രേഖകൾ പ്രകാരം ഓരോ സർവേ നമ്പറിലുമുള്ള ഭൂമി ഏത് തരത്തിലുള്ളതാണ്, ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നു, വിളകളുടെ നിലവിലെ അവസ്ഥ, ജലസേചന സൗകര്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ ശേഖരിക്കും. കൃഷിയിറക്കിയ തീയതി, ജലസേചന രീതി എന്നിവയും മൊബൈൽ ആപ്പ് ഉപയോഗിച്ച് ശേഖരിക്കുന്നുണ്ട്. ജിയോഫെൻസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സർവേ പുരോഗമിക്കുന്നത്. അതതു സർവേ പ്ലോട്ടുകളിൽ, പ്ലോട്ടിന്റെ 20 മീറ്റർ പരിധിക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ വിവരങ്ങൾ മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്താനാവൂ. അതോടൊപ്പം കാർഷിക വിളകളുടെ ജിയോ ടാഗ് ചെയ്ത ഫോട്ടോഗ്രാഫ് അവയുടെ കൃത്യമായ സ്ഥാന നിർണയത്തിനും സ്ഥലപരിശോധനകൾ പോലെയുള്ള ഭാവി ആവശ്യങ്ങൾക്കായും ശേഖരിക്കും. ഇത് കൃഷിഭവനുകൾ പരിശോധിച്ച്‌ അംഗീകരിക്കും.

..........................................

സർവേ പൂർത്തിയായ പ്ലോട്ടുകൾ: 6,04,995

ആകെ പ്ലോട്ടുകൾ: 801825

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL