SignIn
Kerala Kaumudi Online
Monday, 25 May 2026 7.42 AM IST

ഹരിതകേരള മിഷൻ ഏറ്റെടുത്തില്ല ,​ രണ്ടു ലക്ഷം വൃക്ഷത്തൈകൾ കെട്ടിക്കിടക്കുന്നു

tree

കാസർകോട്: സർക്കാരും വനംവകുപ്പും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം ഹരിതകേരള മിഷൻ ഏറ്റെടുക്കാത്തതിനാൽ രണ്ടു ലക്ഷത്തോളം വൃക്ഷത്തൈകൾ വനം വകുപ്പിന്റെ നഴ്സറിയിൽ കെട്ടിക്കിടക്കുന്നു. ഒരു തൈ നടാം ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തുകൾക്കും സന്നദ്ധ സംഘടനകൾക്കും വിതരണം ചെയ്യുന്നതിനായി ഹരിതകേരള മിഷനു വേണ്ടി സർക്കാർ വനം വകുപ്പിന് പണം നൽകി ഉത്പാദിപ്പിച്ചതാണ് വൃക്ഷത്തൈകൾ.

23 രൂപ വില നിശ്ചയിച്ചാണ് സോഷ്യൽ ഫോറസ്റ്ററി തങ്ങളുടെ സ്വന്തം നഴ്സറിയിൽ തൈകൾ നട്ടുവളർത്തിയത്. കാസർകോട് ജില്ലയിലെ വിതരണത്തിനായി സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ ബേളയിലെ നേഴ്സറിയിലാണ് തൈകൾ കെട്ടിക്കിടന്ന് കവറിന് പുറത്തേക്ക് വേരിറങ്ങുന്നത്. രാവും പകലും ജീവനക്കാർ കഷ്ടപ്പെട്ട് വെള്ളം ഒഴിച്ച് പരിപാലിക്കുന്നതിനാൽ മാത്രമാണ് കനത്ത ചൂടിലും തൈകൾ നശിക്കാത്തത്.
നിരവധി തവണ തൈകൾ ഏറ്റെടുക്കാനും കൊണ്ടുപോകാനും ആവശ്യപ്പെട്ട് ഹരിതകേരള മിഷന് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.

21 ഇനം വൃക്ഷത്തൈകൾ

തേക്ക്, ഉങ്ങ്, താന്നി, വേങ്ങ, നീർമരുത്, ആര്യവേപ്പ്, സീതാപ്പഴം, ഇലഞ്ഞി, കാറ്റാടി, ഞാവൽ, പൂവരശ്, ചമത, മുള തുടങ്ങി 21 ഇനം വൃക്ഷത്തൈകൾ കെട്ടികിടക്കുന്നതിലുണ്ട്. മൂന്ന് മാസം വളർച്ചയെത്തിയ തൈകളാണ് നട്ടുവളർത്തുന്നതിന് സോഷ്യൽ ഫോറസ്ട്രിയുടെ നേഴ്സറിയിൽ നിന്ന് വിതരണം ചെയ്യുക. ഹരിതകേരള മിഷന് കൈമാറുന്നതിനായി തയ്യാറാക്കിയ തൈകൾ അഞ്ചു മാസം അധികം വളർന്നുകഴിഞ്ഞിട്ടുണ്ട്. നവംബർ ഒന്നിന്റെ കേരള പിറവിക്ക് നടുന്നതിനായി ഒക്ടോബർ മാസം നൽകണമെന്ന് ആവശ്യപ്പെട്ടതു പ്രകാരമാണ് തൈകൾ ഉത്പാദിപ്പിച്ചത്. ആ സമയത്ത് തൈകൾ ഏറ്റെടുത്തില്ല. പിന്നീട് കടുത്ത ചൂട് തുടങ്ങിയതോടെ വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കാൻ കൊള്ളാത്ത സമയവുമായി.

പറഞ്ഞ സമയത്ത് തൈകൾ തന്നില്ലെന്ന് ഹരിത കേരള മിഷൻ

ആവശ്യപ്പെട്ട സമയത്ത് വൃക്ഷ തൈകൾ നൽകാതിരുന്നത് കൊണ്ടാണ് തൈകൾ ഏറ്റെടുക്കാൻ കഴിയാതെ വന്നത്. പിന്നീടെത്തിയ ചൂടുകാലത്ത് തൈകൾ നട്ടുവളർത്താൻ പറ്റിയ കാലാവസ്ഥ ആയിരുന്നില്ലെന്ന് നവകേരള മിഷൻ കോ ഓഡിനേറ്റർ കെ. ബാലകൃഷ്ണൻ വ്യക്തമാക്കി. ഒരു തൈ നടാം ക്യാമ്പയിന്റെ ഭാഗമായി സെപ്തംബർ 30 നുള്ളിൽ തൈകൾ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിസംബർ മാസത്തിലാണ് തൈകൾ റെഡിയായത്. കുറച്ചു കുറച്ചായി തൈകൾ കൊണ്ടുപോയിരുന്നു. ഇപ്പോഴും കൊണ്ടുപോകുന്നുണ്ട്. വനംവകുപ്പ് ഔദ്യോഗികമായി കത്തുകൾ അയച്ചത് കൊണ്ടായില്ല, ചെടികൾക്ക് വെള്ളം നനക്കുന്നതിനും കൊണ്ടുപോകുന്നതിനുള്ള ചിലവ് വഹിക്കുന്നതിനും കയറ്റിറക്ക് കൂലി നൽകുന്നതിനും കൂടി കരാറിൽ വ്യവസ്ഥ ചെയ്യേണ്ടതായിരുന്നുവെന്ന് ബാലകൃഷ്ണൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL