SignIn
Kerala Kaumudi Online
Monday, 25 May 2026 7.44 AM IST

കഥകളിയുടെ നാദത്തിൽ ഇല്ലത്തെ വിവാഹം...

kali
പയ്യന്നൂരിലെ കാശി മാങ്കുളത്തില്ലത്തു നടന്ന കഥകളി.

പയ്യന്നൂർ: വിവാഹ മണ്ഡപങ്ങളിൽ ഡി.ജെ സംഗീതവും ആഡംബര ഹോട്ടൽ വിരുന്നുകളും നിറഞ്ഞുനിൽക്കുന്ന ഈ കാലത്ത്, പയ്യന്നൂരിലെ കാശി മാങ്കുളത്തില്ലം പകർന്നു നൽകിയത് വ്യത്യസ്ത സന്ദേശം. കഥകളിയുടെ ചെണ്ടമേളം മുഴങ്ങിയ ആ ഇല്ലത്തെ മുറ്റം ഒരു ദിവസത്തേക്ക് പഴയ കേരളമായി പരിണമിച്ചു. ഒരു തലമുറ ഒരിക്കൽ ജീവിച്ച, ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഓർമ്മകൾ തിരിച്ചുവന്നു.
കാശി മാങ്കുളത്തില്ലത്ത് ഹരി നമ്പൂതിരിയുടെ മകൻ ശ്യാം ഗോവിന്ദിന്റെയും അതിയടത്ത് ഹോരക്കാടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ മകൾ നിഖിതയുടെയും വിവാഹത്തോടനുബന്ധിച്ചാണ് കഥകളി അരങ്ങേറിയത്. ഇല്ലത്തെ അടുക്കളയിൽ പാചകം, ഇല്ലത്തെ മുറ്റത്ത് വിവാഹം, ഇല്ലത്തെ തിണ്ണയിൽ കഥകളി ഇതായിരുന്നു ഹരി നമ്പൂതിരിയുടെ ദർശനം.
'അന്യം നിൽക്കുന്ന കേരളീയ കല പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തണം, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാട്ടുകൂട്ടായ്മ തിരിച്ചുകൊണ്ടുവരണം' ഇതാണ് ഈ വ്യത്യസ്ത ആഘോഷത്തിന് പിന്നിലെ ചിന്ത എന്ന് ഹരി നമ്പൂതിരി പറഞ്ഞു. 'പണ്ട് വിശേഷദിവസങ്ങൾ എല്ലാവരും ഒത്തുചേർന്ന് ഒരാഘോഷമായിരുന്നു. ആ കാലം തിരിച്ചുവരണം'.
കഥകളി രംഗത്ത് പരിപ്പായി രവിശങ്കർ കുചേലനായും അദ്ദേഹത്തിന്റെ മകൾ ദേവനന്ദ ശ്രീകൃഷ്ണനായും അമയ പ്രകാശ് രുഗ്മിണിയായും അരങ്ങിലെത്തി. കുചേലനും ശ്രീകൃഷ്ണനും തമ്മിലുള്ള ഹൃദയസ്പർശിയായ കണ്ടുമുട്ടൽ രംഗം ആലപിക്കപ്പെട്ടപ്പോൾ, ചടങ്ങിൽ പങ്കെടുത്തവർ ആ കലയുടെ ഭാവലോകത്ത് ലയിച്ചു. കഥകളി കാണാൻ മാത്രമായി വന്ന അതിഥികളുമുണ്ടായത്, ആ കലയ്ക്ക് ഇന്നും ആരാധകരുണ്ടെന്നതിന് തെളിവുമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, WEDDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL