SignIn
Kerala Kaumudi Online
Monday, 25 May 2026 5.58 AM IST

നാലുവരിപ്പാതയില്ല; രണ്ടുവരി മാത്രം

road
തങ്കളം - കാക്കനാട് നാലുവരിപ്പാതയുടെ തുടക്കം

കോതമംഗലം: എറണാകുളം ജില്ലാ ആസ്ഥാനവും ജില്ലയുടെ കിഴക്കൻ മേഖലയും തമ്മിലുള്ള അകലം കുറയ്ക്കാൻ ആസൂത്രണം ചെയ്ത തങ്കളം-കാക്കനാട് നാലുവരിപ്പാതാ പദ്ധതിക്ക് അകാല ചരമം. ഇതോടൊപ്പം മൂവാറ്റുപുഴ- കാക്കനാട് നാലുവരിപ്പാതയും സ്വപ്നം മാത്രമാകും. ആസൂത്രണം ചെയ്തത് പോലെയല്ല ഇപ്പോൾ രണ്ടു പദ്ധതികളുടെയും അവസ്ഥ. തങ്കളം - കാക്കനാട് നാലുവരിപ്പാതയുടെ ആദ്യ രണ്ട് കിലോമീറ്റർ ടാറിംഗ് നടത്തിയശേഷമാണ് പദ്ധതിയുടെ ഗതിമാറ്റം. ആദ്യ അലൈൻമെന്റ് പ്രകാരമുള്ള കിഴക്കമ്പലം വഴിയുള്ള തങ്കളം - കാക്കനാട് നാലുവരിപ്പാതയുടെ നിർമ്മാണം സാദ്ധ്യമാകില്ലെന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയിരുന്നു. പുതിയ അലൈൻമെന്റ് കണ്ടെത്തി പദ്ധതി യാഥാർത്ഥ്യമാക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാൽ ഏറ്റവും ഒടുവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ പ്രസ്താവനയോടെ പദ്ധതി അകാല ചരമം പ്രാപിക്കുമെന്ന് ഉറപ്പായി. മൂവാറ്റുപുഴ - കാക്കനാട് റോഡുമായി ബന്ധപ്പെടുത്തുന്ന കോതമംഗലം - വീട്ടൂർ റോഡ് നിർമ്മിച്ച് നാലുവരിപ്പാത പദ്ധതി യാഥാർത്ഥ്യമാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കോതമംഗലം - വീട്ടൂർ റോഡിന് 13.6 മീറ്റർ വീതി നിശ്ചയിച്ചാണ് ഡി.പി.ആർ തയ്യാറാക്കുന്നത്. വീട്ടൂർ മുതൽ കിഴക്കമ്പലം വരെ 15 മീറ്റർ വീതിയും. അതായത് കോതമംഗലം മുതൽ കിഴക്കമ്പലം വരെയുള്ളത് രണ്ടുവരി പാതയാകും. തങ്കളം - കാക്കനാട് നാലുവരിപ്പാത രണ്ടു കിലോമീറ്ററിൽ മാത്രം ഒതുങ്ങും. നിർദ്ദിഷ്ട മൂവാറ്റുപുഴ - കാക്കനാട് പാതയും രണ്ടുവരിയിൽ ഒതുങ്ങുമെന്നാണ് സൂചന.

പ്രധാനമായിരുന്നു നാലുവരിപ്പാത

തങ്കളം - കാക്കനാട് നാലുവരിപ്പാത സംസ്ഥാന ബജറ്റിൽ പതിവായി ഇടംപിടിച്ചിരുന്ന പദ്ധതി

ജില്ലയുടെ സമഗ്ര വികസനത്തിന് വഴിതുറക്കുമെന്നതായിരുന്നു പദ്ധതിയുടെ പ്രാധാന്യം

നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെയും പുരോഗതിക്ക് സാദ്ധ്യത

കോതമംഗലത്തുനിന്ന് 27 കിലോമീറ്റർ സഞ്ചരിച്ചാൽ കാക്കനാട് എത്താമെന്നത് ഗതാഗത മേഖലയ്ക്ക് നേട്ടം

 ഇടുക്കി ജില്ലയിലെ കാർഷികമേഖലയ്ക്കും നേട്ടമുണ്ടാക്കും

മെട്രോ റെയിൽ പ്രവചനവും മാഞ്ഞുപോകും

തങ്കളം-കാക്കനാട് നാലുവരിപ്പാത ഭാവിയിൽ കോതമംഗലത്തേക്കുള്ള മെട്രോ റെയിലിന്റെ റൂട്ട് ആകുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. കാക്കനാട് വഴിയുള്ള മെട്രോ പാത കോതമംഗലത്തേക്ക് നീട്ടാൻ സ്ഥലമേറ്റെടുക്കൽ പോലുമില്ലാതെ സാധിക്കുമായിരുന്നു. പുതിയ തീരുമാനത്തോടെ ഇതും ഇല്ലാതെയാകും.

ആലുവ - കോതമംഗലം നാലുവരിപ്പാത അപ്രായോഗികം

ആലുവ - കോതമംഗലം റോഡ് നാലുവരിപ്പാതയാകുമോ എന്നതാണ് ഇനിയുള്ള ചോദ്യം. നിലവിലുള്ള റോഡ് നാലുവരിയാക്കാനാണ് കിഫ്ബി പദ്ധതി. സ്ഥലം അളന്ന് തിരിച്ച് മഞ്ഞക്കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. ഇതേരീതിയിൽ റോഡ് വികസിപ്പിച്ചാൽ കുറുപ്പംപടി, നെല്ലിക്കുഴി, ഓടക്കാലി തുടങ്ങി ഒട്ടേറെ ചെറിയ ടൗണുകൾ ഇല്ലാതാകും. വ്യാപാരസ്ഥാപനങ്ങളെല്ലാം പൊളിച്ചുമാറ്റേണ്ടിവരും. സാമൂഹ്യപ്രത്യാഘാതവും സർക്കാരിന് വൻസാമ്പത്തിക ബാദ്ധ്യതയും സൃഷ്ടിക്കുന്ന ഈ പദ്ധതി അപ്രായോഗികമാണെന്നും വാദമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL