SignIn
Kerala Kaumudi Online
Monday, 25 May 2026 7.43 AM IST

കൊച്ചി നിരത്തുകളിൽ ‘ഗുണ്ടാ’ കാറുകൾ

car
കലൂർ സ്റ്റേഡിയത്തിന് സമീപം യുവാവിനെ ആക്രമിച്ച് കാർ തട്ടിയെടുത്ത ക്വട്ടേഷൻ സംഘം സഞ്ചരിച്ച വാഹനം എറണാകുളം എ.സി.പിയുടെ ക്രൈം സ്ക്വാ‌ഡ് പിടികൂടിയപ്പോൾ

കൊച്ചി: കാറിൽ കുതിച്ചെത്തി കവർച്ച നടത്തുന്ന തസ്കരൻമാർ.... പിന്നാലെ ചീറിപ്പായുന്ന പൊലീസ്.... ഇതൊരു മസാല പടത്തിലെ ആക്ഷൻ രംഗങ്ങളായിരുന്ന കാലം പഴങ്കഥയായി. കൊച്ചിയിലെ നിരത്തുകളിലേക്ക് ഇറങ്ങിയ ഒറിജിനൽ ഗുണ്ടകൾ കാറുകളിലെത്തി ആൾക്കാരെ തട്ടിക്കൊണ്ട് പോകുന്നതും തോക്കു ചൂണ്ടി കവർച്ച ചെയ്യുന്നതും പതിവാകുന്നു. ഇതോടെ കനത്ത ജാഗ്രതയിലാണ് പൊലീസ്. റെന്റ് എ കാർ ഇടപാടുമായി ബന്ധപ്പെട്ട് കൊച്ചിയിൽ 15 ദിവസത്തിനിടെ നടന്ന 2 കവർച്ചകളിൽ 8 കാറുകൾ ഉൾപ്പെട്ടതായി പൊലീസ്. ഇതിൽ 2 കാറുകൾ ഗുണ്ടകൾ തട്ടിക്കൊണ്ടു പോയവയാണ്.

അധോലോകം ഭരിക്കുന്ന ക്രിമിനലുകൾ നഗരത്തിൽ വിഹരിക്കുന്നതും വാടകയ്ക്കെടുത്തതും സ്വന്തമായുള്ളതുമായ മുന്തിയ കാറുകളിലാണ്.

 വില്ലിംഗ്ടൺ ഐലൻഡിൽ ഗുണ്ടകളെത്തിയത് 5 കാറുകളിൽ

അടുത്തിടെ കൊച്ചി പൊലീസിനെ ഞെട്ടിച്ച സംഭവമായിരുന്നു പശ്ചിമകൊച്ചിയിലെ വില്ലിംഗ്ടൺ ഐലൻഡിലേത്. ഇടുക്കി ദേവികുളം സ്വദേശി ആശിഖ് അബ്ദുൾ ഖാദറിനെയും (31) സുഹൃത്തിനെയും 25 പേരടങ്ങുന്ന ഗുണ്ടകൾ കാർ സഹിതം തട്ടിക്കൊണ്ടുപോയത് ഫെബ്രുവരി 12ന് രാത്രി. മരട് അനീഷിന്റെ എതിരാളികളായ ഡിൽവിൻ ദേവസ്യ, കുമ്പളം ദിലീഷ് എന്നിവരുടെ നേതൃത്വത്തിൽ 4 കാറുകളിലും നിരവധി ബൈക്കുകളിലുമാണ് ഗുണ്ടകൾ എത്തിയത്. റെന്റ് എ കാർ ഇടപാടുകാരനായ ആശിഖിനെ കാർ ഇടപാടിനെന്ന പേരിലാണ് വിളിച്ചു വരുത്തിയത്. ബൊലേറോ കാറിലെത്തിയ ആശിഖിനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയാണ് അതേ കാറിൽ തട്ടിക്കൊണ്ടു പോയത്. സ്വിഫ്റ്റ്, ഓട്ടോ വാഗണർ ഉൾപ്പെടെ നാലു കാറുകളിലും ബൈക്കുകളിലും ഗുണ്ടാ സംഘങ്ങൾ അനുഗമിച്ചു. ആശിഖിനെ ഭീഷണിപ്പെടുത്തി 1.50 ലക്ഷം രൂപയാണ് ഡിൽവിൻ ദേവസ്യയും സംഘവും കൈക്കലാക്കിയത്. കേസിൽ എട്ടു പ്രതികൾക്കൊപ്പം മൂന്നു കാറുകൾ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കാറുകൾ കണ്ടെടുക്കാനുണ്ട്. ഹാർബർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കിടക്കുന്ന കാറുകളിൽ ഫോറൻസിക് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചതായി പൊലീസ് പറഞ്ഞു.

കലൂരിലും കാർ തന്നെ വില്ലൻ

കലൂർ ജെ.എൽ.എൻ സ്റ്റേഡിയത്തിന് പിൻവശം ലിങ്ക് റോഡിൽ രാത്രി യുവാവിനെ ആക്രമിച്ച് കാർ തട്ടിയെടുത്തത് ഫെബ്രുവരി 26ന് പുലർച്ചെയാണ്. യൂബർ ഡ്രൈവറും റെന്റ് എ കാർ ഇടപാടുകാരനുമായ മഞ്ഞുമ്മൽ സ്വദേശി അരുൺ ബാബുവിന്റെ കാറാണ് തട്ടിയെടുത്തത്. ഇന്നോവ, ആൾട്ടോസ് കാറുകളിലെത്തിയ നാലംഗ സംഘം അരുൺ ബാബു ഓടിച്ച കാർ തടഞ്ഞുനിറുത്തി യുവാവിനെ വലിച്ചു പുറത്തിറക്കി ആക്രമിച്ച് കാറുമായി കടന്നു. വാഹനത്തിലുണ്ടായിരുന്ന 75,000 രൂപ സഹിതമാണ് കടന്നത്. മുഖ്യപ്രതി ചമ്പക്കര സ്വദേശി അരുണി‌നെ കാറുമായി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കാറുകളും മൂന്നു പ്രതികളെയും കണ്ടെത്താനുണ്ട്.

രണ്ട് മാസം മുമ്പ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ അയ്യപ്പൻകാവ് റോഡിൽ നിന്ന് അന്യസംസ്ഥാനക്കാരനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് പണം കവർന്ന് പാലാരിവട്ടത്തെ റോഡരുകിൽ തള്ളിയതും റെന്റ് എ കാറിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL