ആലപ്പുഴ: രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ആലപ്പുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. കായലുകളിലെയും തോടുകളിലെയും ജലനിരപ്പ് ഉയർന്നതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
കനാലുകൾ കവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ എ.എസ്.കനാൽ പരിസരത്തടക്കം ജനങ്ങൾ ജാഗ്രത പാലിക്കേണ്ട സ്ഥിതിയാണ്. കനാലുകളിലെയും തോടുകളിലെയും അടിയൊഴുക്ക് ശക്തമായതിനാൽ അപകട സാദ്ധ്യതയും കൂടി. നഗരത്തിലെ വിവിധ റോഡുകളിൽ മണിക്കൂറുകളോളം വെള്ളം കെട്ടിക്കിടക്കുന്നതോടെ കാൽനടയാത്രയും വാഹനഗതാഗതവും ദുരിതത്തിലായി. കനത്ത മഴ സ്കൂൾ വിപണിയെയും വഴിയോര വ്യാപാരങ്ങളെയും പ്രതികൂലമായി ബാധിച്ചു. മത്സ്യ വ്യാപാരികൾ ഉൾപ്പെടെയുള്ള വ്യാപാരികളും വെള്ളക്കെട്ടിനിടയിൽ തന്നെ കച്ചവടം നടത്തേണ്ട സ്ഥിതിയാണ്. പിച്ചു അയ്യർ ജംഗ്ഷൻ ഭാഗത്ത് വ്യാപാര സ്ഥാപനങ്ങൾക്ക് സമീപം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡിലേക്ക് ഒഴുകിയെത്തി. ഡ്രേയിനേജ് സംവിധാനങ്ങളുണ്ടെങ്കിലും, കനമത്ത മഴയിൽ പെയ്ത്തുവെള്ളം മണിക്കൂറുകളോളം റോഡിൽ കെട്ടികിടക്കും. മറ്റ് കനാലുകളിൽ നിന്നുള്ള മാലിന്യങ്ങളും റോഡുകളിലേക്ക് എത്തുമോയെന്ന ആശങ്ക നാട്ടുകാർ പങ്കുവയ്ക്കുന്നു.
കുരുക്ക് അഴിയുന്നില്ല
റോഡുകൾ പലതും ചെളിക്കുളമായതോടെ കാറുകളും വലിയ വാഹനങ്ങളും ഇടറോഡുകളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ഇതോടെ വാഹനങ്ങൾ കുരുങ്ങി മണിക്കൂറുകളോളം നഗരം ഗതാഗത കുരുക്കിലാകുന്നു. ട്രാഫിക് നിയന്ത്രണത്തിന് ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയെങ്കിലും പ്രധാന വഴികളിൽ മാത്രമാണ് ട്രാഫിക് പൊലീസിനെ നിയോഗിച്ചിട്ടുള്ളത്. ഇതും വിവിധയിടങ്ങളിൽ സ്ഥിതി വഴളാക്കുന്നു. കാലാവസ്ഥയും ഗതാഗത പ്രതിസന്ധിയും കണക്കിലെടുത്ത് പ്രധാന പോയിന്റുകൾ കണ്ടെത്തി അവിടങ്ങളിൽ ട്രാഫിക് പൊലീസിനെ നിയോഗിച്ചാൽ വലിയൊരു പരിധി വരെ കുരുക്കിൽപ്പെടാതെ വാഹനങ്ങൾ കടത്തിവിടാനാകും.
ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റ് യൂണിറ്റുകളിൽ നിന്നും എ.ആർ ക്യാമ്പിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ വിവിധ പോയിന്റുകളിൽ നിയോഗിച്ചിട്ടുണ്ട്. ഏറ്റവും തിരക്കുള്ള ജനറൽ ആശുപത്രി ജംഗ്ഷനിൽ വൈകിട്ടത്തെ ട്രാഫിക്ക് ഡ്യൂട്ടി രാത്രി 9 വരെയാക്കി ഒരു മണിക്കൂർ ദീർഘിപ്പിച്ചു.
- ട്രാഫിക് പൊലീസ്,
ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |