
വികൃതികാട്ടി കൈയിലും കാലിലും മുറിവുമായി വന്നുനിൽക്കുന്ന കുഞ്ഞുമക്കളെ ശാസിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന മുതിർന്നവരെ നാം ധാരാളം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, കൈയിൽ മുറിവുപറ്റിയ അമ്മയെ ശാസിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന അയ്‌ദിൻ എന്ന കുരുന്നിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ഒരു കുട്ടിയോടെന്നപോലെ അമ്മയെ ശാസിക്കുകയാണ് കുരുന്ന്. കാര്യങ്ങൾ നോക്കി ചെയ്യണ്ടേയെന്നും കൈ മുറിയരുതെന്ന് പറഞ്ഞിട്ടില്ലേയെന്നുമെല്ലാം അവൻ അമ്മയോട് ചോദിക്കുന്നുണ്ട്. വലിയ വാക്കുകൾ പറയാൻ നാവ് വഴങ്ങുന്നില്ലെങ്കിലും അമ്മയോടുള്ള അവന്റെ കരുതലും സ്‌നേഹവും ആ ശാസനയിൽ പ്രകടമാണ്. മുറിവിലെ ചോര തുടച്ച് വൃത്തിയാക്കിയ ശേഷം 'ഇനി ഒരു കൊപ്പോയില്ല' എന്നാണ് അവൻ പറയുന്നത്. പേടിക്കണ്ട ഇനി കുഴപ്പമൊന്നുമില്ലെന്നാണ് കുട്ടി ഉദ്ദേശിക്കുന്നത്. ഇതിനിടയിൽ കൈയിലെ ചോര തൊട്ടുനോക്കിയിട്ട് ശരിക്കും മുറിഞ്ഞതാണെന്നും അല്ലാതെ സോസല്ലെന്നും പറഞ്ഞ് അവൻ അതിശയിക്കുന്നുമുണ്ട്.
നിരവധിപേരാണ് വീഡിയോയ്‌ക്ക് ലൈക്കും കമന്റുമായി രംഗത്തെത്തിയത്. ഇത്രയും സ്‌നേഹവും കരുതലുമുള്ള മകന്റെ അമ്മയായതിൽ അഭിമാനിക്കണമെന്നും ചിലർ പറയുന്നുണ്ട്. അയ്‌ദിൻ ആദം മൻസൂർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇപ്പോൾ എട്ട് വയസുവരുന്ന അയ്‌ദിന്റെ തീരെ ചെറിയ പ്രായത്തിലെ വീഡിയോയാണിത്. ആദ്യമായി സ്‌കൂളിൽപോയ ദിവസം ക്ലാസിൽ പാട്ടുപാടുന്ന അയ്‌ദിന്റെ വീഡിയോയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |