
പുറത്താക്കപ്പെട്ട 24 ലക്ഷം പേരെയും
ഉൾപ്പെടുത്തണമെന്ന ആവശ്യം കമ്മിഷൻ നിരാകരിച്ചു
തിരുവനന്തപുരം: വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ നിന്ന് ഇടതു മുന്നണി പ്രതിനിധികൾ ഇറങ്ങിപ്പോയി. എസ്.ഐ.ആർ നടപ്പാക്കിയപ്പോൾ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ കഴിയാത്തവർക്കു കൂടി അവസരം നൽകുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടായിരുന്നു യോഗം.
എസ്.ഐ.ആർ നടപ്പാക്കിയപ്പോൾ പുറത്താക്കപ്പെട്ട 24 ലക്ഷം പേരെ നിരുപാധികം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സി.പി.എമ്മിലെ എം.വി. ജയരാജനും സി.പി.ഐയിലെ സത്യൻ മൊകേരിയും ആവശ്യപ്പെട്ടു. അത് സാങ്കേതികമായി നടപ്പാക്കാനാകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡി.സജിത് ബാബു അറിയിച്ചു. എസ്.ഐ.ആറിലെ അപാകതകൾ പരിഹരിക്കണമെന്നും, മരണമടഞ്ഞവരൊഴികെയുള്ളവർ ഒഴിവാക്കപ്പെട്ട നടപടി റദ്ദാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ബി.ജെ.പി പ്രതിനിധി ജെ.ആർ.പത്മകുമാർ ഇതിനെ എതിർത്തു. കോൺഗ്രസിൽ നിന്ന് കെ.എസ്. ശബരീനാഥൻ പങ്കെടുത്തു.
പുതിയ പട്ടിക ജനുവരി 4ന്
സംസ്ഥാനത്തെ കരട് വോട്ടർ പട്ടിക നവംബർ 12നും അന്തിമ പട്ടിക ജനുവരി 4നും പ്രസിദ്ധീകരിക്കും. പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണം നവംബർ 2ന് നടത്തും. കരട് പട്ടികയിലെ പരാതികൾ ഡിസംബർ 11വരെ നൽകാം. ഇതിൽ ഡിസംബർ 28നകം തീർപ്പാക്കും. അടുത്ത വർഷം ഒക്ടോബർ ഒന്നിനകം 18 വയസ് പൂർത്തിയാകുന്നവർക്കും
ഇതു വരെ പേരു ചേർക്കാവർത്തക്കും ഫോം 6 ഉപയോഗിച്ചു പേരു ചേർക്കാം. ഇതിനായി വില്ലേജ് ഓഫിസുകളിൽ പ്രത്യേക ക്യാമ്പ് നവംബർ,ഡിസംബർ മാസങ്ങളിലുണ്ടാകും. ഓൺലൈനായും,തിരഞ്ഞെടുപ്പു കമ്മിഷന്റെ ആപ്പ് വഴിയും അപേക്ഷിക്കാം.
മരിച്ചു പോയവരെ ഒഴിവാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി തുടങ്ങും. ഇരട്ട വോട്ടുള്ളവരെ കണ്ടെത്താൻ ഡി.എസ്.സി സോഫ്റ്റ്വെയർ ഉപയോഗിക്കും. പൗരത്വം ഉപേക്ഷിച്ച് സ്ഥലം മാറിപ്പോയവരെ പാസ്പോർട്ട് ഓഫീസ് ഡാറ്റയിൽ നിന്ന് കണ്ടെത്തി ഒഴിവാക്കും. പല ബൂത്തുകളിലായി ചിതറിക്കിടക്കുന്ന ഒരു കുടുംബത്തിലുള്ളവരെ ഒരേ ബൂത്തിലാക്കാൻ ഫോം എട്ട് ഉപയോഗിച്ച് അപേക്ഷ നൽകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |