SignIn
Kerala Kaumudi Online
Friday, 23 October 2026 3.34 PM IST

'ഭക്ഷണ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിത്'; ലോക്‌ഭവനിൽ മാംസാഹാരം വിലക്കിയ പുതിയ ഗവർണർക്കെതിരെ കെ സി

om-prakash-mathur
ഓം പ്രകാശ് മാഥൂർ, കെ സി വേണുഗോപാൽ

തിരുവനന്തപുരം: ലോക്‌ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് എല്ലാവരും വെജിറ്റേറിയനാകണം എന്ന് പറയുന്നത് കടന്ന കൈയായിപ്പോയി എന്നും വേണുഗോപാൽ ഫേസ്‌ബുക്കിൽ കുറിച്ചു.

സമ്മിശ്ര ഭക്ഷണ സംസ്‌കാരമുള്ള നാടാണ് കേരളം. തീരദേശ സംസ്ഥാനമായ കേരളത്തിൽ മത്സ്യസമ്പത്ത് ആവോളമുണ്ട്. അതിനാൽ, വെജിറ്റേറിയനായും നോൺ വെജിറ്റേറിയനായും ഓരോ മനുഷ്യനും ഇവിടെ തുടർന്നുപോരാം. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താനോ ഇനിമുതൽ എന്ത് കഴിക്കണമെന്ന നിർദേശം പുറപ്പെടുവിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ അത് അംഗീകരിക്കാൻ കഴിയുന്നതല്ല. ഭക്ഷണത്തിൽപ്പോലും കടന്നുകയറി മലയാളിയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കുന്ന അന്ത്യശാസനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിൽക്കുറഞ്ഞതൊന്നുമല്ലെന്നും കെ സി വേണുഗോപാൽ കുറിച്ചു.

കെ സി വേണുഗോപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കേരളാ ഗവർണറായി ഓംപ്രകാശ് മാഥൂർ ചുമതലയേറ്റെടുത്തിരിക്കുകയാണ്.

ഇന്നുമുതൽ മുതൽ ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നാണ് ഗവർണർ സ്ഥാനമേറ്റെടുക്കും മുൻപേ നൽകിയിരിക്കുന്ന നിർദേശം. ചുമതലയേറ്റെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപേ, കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കും മുൻപേ, ഞാനിവിടെ അധികാരം ഏറ്റെടുക്കുന്നത് മുതൽക്ക് ഇവിടെ എല്ലാവരും ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തീട്ടൂരം കടന്ന കൈയായിപ്പോയി.

സമ്മിശ്രമായ ഭക്ഷണ സംസ്കാരമുള്ള നാടാണ് കേരളം. തീരദേശ സംസ്ഥാനമായ കേരളത്തിൽ മത്സ്യസമ്പത്ത് ആവോളമുണ്ട് താനും. അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോൺ വെജിറ്റേറിയനായും ഓരോ മനുഷ്യനും ഇവിടെ തുടർന്നുപോരാം. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താനോ ഇനിമുതൽ എന്ത് കഴിക്കണമെന്ന നിർദേശം പുറപ്പെടുവിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ അത് അംഗീകരിക്കാൻ കഴിയുന്നതല്ല. ഭക്ഷണത്തിൽപ്പോലും കടന്നുകയറി മലയാളിയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കുന്ന അന്ത്യശാസനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിൽക്കുറഞ്ഞതൊന്നുമല്ല.

എന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള ഭരണഘടന നൽകുന്ന അവകാശം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി തന്നെയാണ് ഇവിടെ തന്റെ ഭക്ഷണ രീതി തന്നെ മറ്റുള്ളവർ പിന്തുടരണമെന്ന് നിർബന്ധം പിടിക്കുന്നത്. തന്റെ അധികാരം ഉപയോഗിച്ച് ഇവിടെ വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കുകയാണ് നിയുക്ത ഗവർണർ ചെയ്യുന്നത്.

കാലങ്ങളായി കവർന്നെടുക്കലെന്ന അജണ്ട പിന്തുടരുന്ന സംഘപരിവാറിന്റെ ഭരണഘടനാ വിരുദ്ധ താത്പര്യങ്ങളുടെ തുടർച്ചയാണിത്. വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ നമ്മളിൽ നിന്ന് ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്.

സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിത്. വെജിറ്റേറിയനായ ഗവർണറുടെ ഭക്ഷണക്രമം അദ്ദേഹം അതേപടി തന്നെ തുടരുന്നതിൽ ഒരുതരത്തിലുള്ള തടസ്സവും ഉണ്ടാകാൻ പാടില്ല. എന്നാൽ, മലയാളികൾ കൂടി ജീവനക്കാരായുള്ള ലോക്ഭവന്റെ അടുക്കള, തന്റെ പ്രത്യേക താത്പര്യത്തോട് കൂടി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന നിർദേശമടങ്ങിയ നിയന്ത്രണം അംഗീകരിക്കാൻ കഴിയുന്നതല്ല.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, ആളുകൾ ഭക്ഷണത്തിൻ്റെയും ധരിക്കുന്ന വസ്ത്രത്തിൻ്റെയും പേരിൽ കൊല്ലപ്പെടുന്ന നിലയുണ്ടായത് പകൽ പോലെ നമ്മുടെ കൺവെട്ടത്തുണ്ട്. ദാദ്രി അടക്കമുള്ളവ നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തിലേൽപ്പിച്ച മുറിവ് ഇന്നുമിവിടെ അവശേഷിക്കുന്നുണ്ട്. ഭക്ഷണത്തെ മുൻനിർത്തി ഇങ്ങനെ പലയിടങ്ങളിലും സംഘപരിവാർ നടത്തുന്ന തീവ്രവർഗീയപ്രചരണവും അപരവിദ്വേഷ പ്രകടനവും അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കൂടിയാണ് കടക്കുന്നത്. സംഘപരിവാർ നടപ്പിലാക്കുന്ന ഈ നയങ്ങൾ ലോക്ഭവനിൽ നിന്ന് ഓരോ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുകയും, ക്രമേണ അതൊരു ആധിപത്യമായി മാറി നമ്മുടെ സ്വാഭാവികത നമുക്ക് നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യുമെന്നതിൽ സംശയമില്ല.

ഭക്ഷണ സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും അവകാശമാണ്. അതിന് തടയിടുന്ന പ്രവൃത്തിയിൽ നിന്ന് കേരളത്തിന്റെ ഗവർണർ പിന്മാറണം. ഇഷ്ടമുള്ളത് പാചകം ചെയ്യാനും ഇഷ്ടമുള്ളത് കഴിക്കാനും കഴിയുന്ന അവകാശങ്ങൾക്ക് ഭരണഘടന നൽകുന്ന പരിരക്ഷ ഉറപ്പുവരുത്തേണ്ട പദവിയിൽക്കൂടിയാണ് ഇരിക്കുന്നതെന്ന് ഗവർണർക്ക് ഓർമ വേണം.

അതേസമയം, ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലും രംഗത്തെത്തി. പ്യുവർ വെജ് ജാതിക്കോയ്‌മ എന്നാണ് ബിനു ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിമർശിച്ചിരിക്കുന്നത്. കേരളം സംഘപരിവാറിന്റെ പരീക്ഷണശാല അല്ലെന്നും ഇന്ത്യൻ ബോധത്തെ ബ്രാഹ്മണിക്കൽ ബോധത്തിന്റെ ചങ്ങളയ്‌ക്കുള്ളിലാക്കാമെന്നുള്ള വ്യാമോഹം കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ലെന്നും ബിനു കുറിച്ചു.

English Summary

Congress leader KC Venugopal has criticised Kerala Governor Om Prakash Mathur’s reported directive to stop cooking fish and meat in Lok Bhavan. Venugopal said Kerala has a diverse food culture and that individuals should be free to choose what they eat. Youth Congress leader Binu Chulliyil also criticised the reported decision, raising concerns about food freedom and cultural identity.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOVERNOR OM PRAKASH MATHUR, KC VENUGOPAL GOVERNOR CRITICISM, LOK BHAVAN FOOD RULES KERALA, KERALA GOVERNOR NEWS MALAYALAM, LOK BHAVAN FISH MEAT BAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA