കൊച്ചി: നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിന് കാരണമായ മിനികൂപ്പറിന്റെ ഇഡിആർ ജർമനിയിലേക്ക് അയക്കും. ബിഎംഡബ്ല്യു ആസ്ഥാനത്തെ വിദഗ്ദ്ധർ പരിശോധിച്ച ശേഷം പൊലീസിന് വിവരം കൈമാറും. കമ്പനിയുടെ സ്വകാര്യതാ നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി. ജർമനിയിലേക്ക് അയക്കുന്നതിനാൽത്തന്നെ അപകട സമയത്തെ വാഹനത്തിനുള്ളിലെ വിവരങ്ങൾ പൊലീസിന് ലഭിക്കാൻ വൈകും.
അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള കുറച്ച് സെക്കൻഡുകളിലെ വാഹനത്തിന്റെ വേഗത, ബ്രേക്ക് ഉപയോഗിച്ചോ ഇല്ലയോ എന്നത്, സ്റ്റിയറിംഗ് ആംഗിൾ, സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ, എയർ ബാഗുകൾ പ്രവർത്തിച്ചോ തുടങ്ങി. സുപ്രധാന വിവരങ്ങൾ ഇഡിആർ പരിശോധനയിലൂടെ കണ്ടെത്താനാകും.
അതേസമയം, പ്രതി സുഹൈൽ സജീവിനെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് നൽകിയ അപേക്ഷയിലായിരുന്നു കോടതി ഉത്തരവ്. സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും. ഭാവിയിൽ എന്തെങ്കിലും ഭീഷണിയോ മറ്റോ ഉണ്ടെങ്കിൽ സമീപിക്കാമെന്നും കോടതി പറഞ്ഞിരുന്നു. പ്രതി ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനിടെ, കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യവുമായി അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഇ - മെയിൽ അയച്ചു. വൈകാതെ കത്തുവഴിയും ആവശ്യം ഉന്നയിക്കും. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ജോൺ എസ് റാൽഫിന്റെ പേരാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിർദേശിച്ചിരിക്കുന്നത്.
കേസിന്റെ തുടക്കം മുതൽ പ്രതിയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നെന്ന ആരോപണം ഉയർന്നതിനാലാണ് പഴുതടച്ച നിയമനടപടികൾ ഉണ്ടാകണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്. പ്രതികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും കുടുംബം മുന്നോട്ടുവച്ചു.
The EDR from the Mini Cooper involved in the Nedumbassery accident that killed three people will be sent to Germany for examination by BMW experts. The analysis may reveal the car’s speed, braking, steering angle, seat belt use and airbag status. Meanwhile, the court rejected a request to transfer the accused, and the victim Gopika’s family has sought a special prosecutor.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |