
തിരുവനന്തപുരം: ബയോ ഇക്വാളിറ്റി ടെസ്റ്റ് നടത്താതെ പുതിയ മരുന്ന് എസ്.എം.എ ബാധിച്ച കുട്ടികൾക്ക് നൽകിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മുൻ ഇടത് ആരോഗ്യ മന്ത്രിമാർ ആവശ്യപ്പെട്ടു. കുട്ടികൾക്ക് ക്ലിനിക്കൽ ട്രയൽ മരുന്ന് കൊടുത്തത് അപകടകരമാണ്. രക്ഷിതാക്കളുടെ ആശങ്ക അകറ്റണമെന്ന് പി.കെ.ശ്രീമതി, കെ.കെ.ശൈലജ, വീണാജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മരുന്ന് കമ്പനിയായ നാറ്റ്‌കോയുടെ മേധാവിയുമായി എസ്.എ.ടി സൂപ്രണ്ട് ആരോഗ്യമന്ത്രി കെ.മുരളീധരനെ നേരിൽ കണ്ടുവെന്ന് പി.കെ.ശ്രീമതി പറഞ്ഞു. ഇത് ചട്ട വിരുദ്ധമാണ്. കോർപ്പറേറ്റുകൾക്കും മരുന്ന് കമ്പനികൾക്കും വിധേയനായി മന്ത്രി മാറി. പരീക്ഷണത്തിനു വേണ്ടിയെന്ന് ലേബൽ ഒട്ടിച്ച മരുന്നാണ് നൽകിയത്. ടെൻഡർ നൽകിയാണ് മരുന്ന് വാങ്ങേണ്ടത്. മന്ത്രിമാർ മരുന്ന് കമ്പനിക്കാരെ നേരിട്ട് കാണേണ്ടതില്ല. മരുന്ന് കമ്പനികളുമായുള്ള മന്ത്രിയുടെ ബന്ധം അന്വേഷിക്കണം. ആരോഗ്യ വകുപ്പ് ഫയലല്ല, ജീവനാണെന്നും പി.കെ.ശ്രീമതി പറഞ്ഞു.
അനഭിലഷണീയമായ കാര്യങ്ങൾ നടക്കുന്നുവെന്ന് കെ.കെ.ശൈലജ ആരോപിച്ചു. വില പേശി മരുന്ന് വാങ്ങണം എന്നതിൽ തർക്കമില്ല. എന്നാൽ ഗുണനിലവാരം പരിശോധിക്കണം. ബയോ ഇക്വാളിറ്റി പരിശോധിക്കാതെയാണോ മരുന്ന് നൽകിയതെന്ന് അന്വേഷിക്കണം.
ടാസ്‌ക് ഫോഴ്സിൽ ഉൾപ്പെട്ടവരെ കാണുമ്പോൾ ആശങ്കയുണ്ട്. അഴിമതി ആരോപണം നേരിടുന്നവർ വരെ ടാസ്‌ക് ഫോഴ്സിൽ ഉണ്ടെന്നും കെ.കെ.ശൈലജ പറഞ്ഞു.
തന്റെ കാലത്ത് നാറ്റ്‌കോയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വീണാ ജോർജ്ജ് പറഞ്ഞു. കുട്ടികളെ മരുന്ന് പരീക്ഷണത്തിന് ഇരയാക്കുന്നത് മനഃസാക്ഷിക്ക് നിരക്കാത്തതാണ്. മരുന്നുകളുടെ കുപ്പികൾ മാതാപിതാക്കളിൽ നിന്നു ഭീഷണിപ്പെടുത്തി തിരികെ വാങ്ങി. അതിന്റെ ആവശ്യം എന്താണ്. ഈ മരുന്ന് എയിംസിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യക്തമായതാണ്.
എസ്.എം.എ ബാധിതർക്കുള്ള മരുന്ന് വാങ്ങാൻ ജൂലായ് 7ന് തീരുമാനിച്ചെങ്കിലും മനഃപൂർവം വാങ്ങാതെ ക്ഷാമം സൃഷ്ടിക്കുകയായിരുന്നു എന്നും വീണാജോർജ്ജ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |