
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിന്റെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും തലപ്പത്തേക്ക് യു.ഡി.എഫ് സർക്കാർ ഇതിനോടകം നടത്തിയ നിയമനങ്ങളിൽ പിന്നാക്ക- പട്ടിക വിഭാഗങ്ങളെ പാടെ അവഗണിച്ചതിൽ കടുത്തപ്രതിഷേധം. വിവിധ സർവകലാശാലാ സിൻഡിക്കേറ്റുകളിലും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിലും അവർണ വിവേചനം പ്രകടമാണ്. മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾ, വിവിധ ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിലെങ്കിലും ജനസംഖ്യയിൽ മഹാഭൂരിപക്ഷം വരുന്ന സമുദായങ്ങൾക്ക് സാമൂഹിക നീതി ഉറപ്പാക്കുന്ന തരത്തിൽ പ്രാതിനിദ്ധ്യം നൽകണമെന്ന ആവശ്യം ശക്തമാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നിർണയിക്കുന്നതിലും, വിഭവങ്ങൾ പങ്കുവയ്ക്കുന്നതിലും നിർണായക പങ്കാണ് ആസൂത്രണ ബോർഡിനുള്ളത്. അവഗണിക്കപ്പെട്ട ജനകോടികൾക്ക് പദ്ധതി വിഹിതത്തിൽ അർഹമായ ഫണ്ടും, വിഭവങ്ങളുടെ നീതിപൂർവമായ വിതരണവും ഉറപ്പാക്കുന്നതിൽ ബോർഡിന് വലിയ അധികാരമുണ്ട്. ബോർഡ് ചെയർമാന്റെയും നാല് വിദഗ്ദ്ധാംഗങ്ങളുടെയും നിയമനങ്ങളിൽ തങ്ങളെ പാടെ തഴഞ്ഞതായി പിന്നാക്ക സംഘടനകളുടെ നേതാക്കൾ ആരോപിക്കുന്നു. പിന്നാക്ക- പട്ടിക- മുസ്ലിം ജനവിഭാഗങ്ങളിൽ നിന്ന് ഒരാൾ പോലുമില്ല. മുഖ്യമന്ത്രിയുടെയും 20 മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിലും സിൻഡിക്കേറ്റുകളിലേക്കുള്ള നാമനിർദ്ദേശങ്ങളിലും പിന്നാക്ക-പട്ടിക വിഭാഗക്കാർ വിരലിലെണ്ണാവുന്നവർ മാത്രം.
സാംസ്കാരിക സ്ഥാപനങ്ങൾ
(ഇതു വരെ നിയമിച്ചത്)
മുന്നാക്ക പ്രാതിനിദ്ധ്യം:
സാഹിത്യ അക്കാഡമി പ്രസിഡന്റ്, സംഗീത നാടക അക്കാഡമി ചെയർമാൻ, ലളിതകലാ അക്കാഡമി ചെയർമാൻ, സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ, വൈസ് ചെയർപേഴ്സൺ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ചെയർമാൻ.
പിന്നാക്ക പ്രാതിനിദ്ധ്യം:
ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ, സാഹിത്യ അക്കാഡമി സെക്രട്ടറി
മുഖ്യമന്ത്രിക്ക് നിവേദനം
ആസൂത്രണ ബോർഡിലും വിവിധ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിലും അർഹമായ പരിഗണന ആവശ്യപ്പെട്ട് വിവിധ പിന്നാക്ക-പട്ടിക വിഭാഗങ്ങളുടെ നേതാക്കളും, മുസ്ലിം എംപ്ളോയീസ് കൾച്ചറൽ അസോസിയേഷനും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ മുപ്പതിലേറെപ്പേർ ഒപ്പിട്ട സംയുക്ത നിവേദനം മുഖ്യമന്ത്രി വി.ഡി.സതീശന് സമർപ്പിച്ചു. ഡോ.ജി.മോഹൻ ഗോപാൽ, വി.ആർ.ജോഷി, ഡോ.എ.നീലലോഹിത ദാസ്, ഡോ.എം.ശാർങ്ഗധരൻ, എസ്. കുട്ടപ്പൻ ചെട്ടിയാർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |