
ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ക്ഷേമസ്ഥാപനങ്ങളിലെ 18 വയസാകുന്ന അന്തേവാസികൾക്ക് 'തന്റെയിടം'' പദ്ധതിയിൽ ഫ്ളാറ്റൊരുക്കും. പദ്ധതിക്കായി സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചു. സംസ്ഥാന ഭവന നിർമ്മാണ ബോർഡാണ് ഫ്ളാറ്റൊരുക്കുക. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് നിർമ്മാണം. വനിതാ ശിശു വികസന വകുപ്പ് ശുപാർശ ചെയ്യുന്ന 10 ഗുണഭോക്താക്കൾക്ക് ഫ്ളാറ്റ് നിർമ്മിക്കാനാണ് പണം അനുവദിച്ചത്. തന്റേതല്ലാത്ത കാരണത്താൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സമൂഹത്തിൽ സുരക്ഷിത താമസമൊരുക്കുന്നതാണ് പദ്ധതി. സർക്കാർ സ്ഥാപനങ്ങളിലെയോ, സർക്കാർ സഹായം ലഭിക്കുന്ന സ്ഥാപനങ്ങളിലെയോ കുട്ടികൾക്കാണ് ഫ്ളാറ്റ് ലഭിക്കുക. ക്ഷേമ സ്ഥാപനത്തിലോ, അവരുടെ മേൽനോട്ടത്തിൽ ഹോസ്റ്റലുകളിലോ തുടരുന്ന സ്വന്തമായി വരുമാനമുള്ളവർക്കിത് തുണയാകും. അനാഥരോ ഭൂസ്വത്ത് ഇല്ലാത്തവരോ ആകണം. ജീവിതപങ്കാളിയോ കുട്ടികളോ ഇല്ലെങ്കിൽ ഗുണഭോക്താവിന്റെ മരണശേഷം ഫ്ലാറ്റ് സർക്കാർ തിരിച്ചെടുക്കും. ഗുണഭോക്താക്കളെ കണ്ടെത്താൻ ജില്ലാതല സമിതി രൂപീകരിച്ചു. റവന്യു വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, ജില്ലാ ആസൂത്രണ സമിതി തുടങ്ങിയവയുടെ നേതൃത്വത്തിൽ പ്രവർത്തനം ഏകോപിപ്പിക്കും.
അർഹരെ കണ്ടെത്താൻ ജില്ലാ സമിതി
അപേക്ഷകൾ സ്വീകരിച്ച് അർഹരെ കണ്ടെത്തും.
ജില്ലാതലത്തിൽ ഭൂമി കണ്ടെത്തി അനുയോജ്യമായ രീതിയിൽ വിതരണം ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി പുരോഗതി വിലയിരുത്തും.
സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ഭൂ- ഭവന രഹിതരായ നിരവധി പേർക്ക് പ്രയോജനം ചെയ്യും
- ഡയറക്ട്രേറ്റ്, വനിതാ ശിശുവികസന വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |