കണ്ണൂർ: എല്ലാ പാർട്ടികളിൽനിന്നും നേതാക്കളെയും പ്രവർത്തകരെയും പ്രതീക്ഷിക്കുന്നുവെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. പാർട്ടിയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്നവർക്കായി ബിജെപി വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യ പാർട്ടിയുമായി അകൽച്ച പ്രകടമാക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഇരുപാർട്ടികളിൽ നിന്നുള്ള നേതാക്കൾക്കും പ്രവർത്തകർക്കും വേണ്ടി ഞങ്ങൾ വാതിലുകൾ തുറന്നിട്ടിട്ടുണ്ട്. ആളുകൾ നിലപാട് വ്യക്തമാക്കട്ടെ. അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരാ' -കൃഷ്ണദാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മാസപ്പടി, ഹവാല കേസുകളിൽ പൂർണമായും സംരക്ഷിക്കുക എന്നതാണ് വിഡി സതീശൻ സർക്കാരിന്റെ ലക്ഷ്യമെന്നും കൃഷ്ണദാസ് ആരോപിച്ചു. സുപ്രീംകോടതിയുടെ വിധിയിലൂടെ കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും തമ്മിലുള്ള രഹസ്യ ധാരണ ഒരിക്കൽ കൂടി പകൽപോലെ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയനെ അഴിമതിക്കേസുകളിൽ സംരക്ഷിക്കുന്നത് വഴി മുഖ്യമന്ത്രി വിഡി സതീശൻ സർക്കാർ ജനവിധിയെ അട്ടിമറിക്കുകയാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും നടത്തുന്ന അവിശുദ്ധ കൂട്ടുക്കെട്ടിനെതിരെ ബിജെപി രാഷ്ട്രീയ പോരാട്ടം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിലെയും കോൺഗ്രസിലെയും അഴിമതിക്കെതിരായ നിലപാടുള്ള ആത്മാർത്ഥതയുള്ള പ്രവർത്തകർക്ക് മുന്നിൽ ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും പികെ കൃഷ്ണദാസ് വ്യക്തമാക്കി.
'ഒരിക്കൽ ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെ'ന്നായിരുന്നു ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ലന്ന വാക്കുകളോടെയാണ് കുറിപ്പ് മുന്നോട്ടുപോകുന്നത്. പാർട്ടിയുമായി അകലുകയാണെന്ന സൂചനയാണ് ഇതുവഴി പുറത്തുവരുന്നത്.
BJP leader PK Krishnadas announced the party welcomes leaders and workers from all parties, following CPM leader PP Divya's social media post hinting at internal party dissent. Krishnadas also accused the VD Satheesan government of protecting Pinarayi Vijayan in corruption cases, alleging a secret Congress-CPM understanding, and vowed a political fight.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |