
തിരുവനന്തപുരം: കൈകളില്ലെങ്കിലും നിശ്ചയദാർഢ്യത്തോടെ വിജയങ്ങൾ കീഴടക്കിയ ഇടുക്കിക്കാരി ജിലുമോൾ മാരിയറ്റ് തോമസ് (31) ഇനി കേരളശ്രീ. ഇന്നലെ ഗവർണർ ആർ.വി. ആർലേക്കറിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കൈകളില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടിയ ഏഷ്യയിലെ ആദ്യ പെൺകുട്ടിയാണ്.
ജന്മനാ കൈകളില്ല. ആറുവർഷത്തെ നിയമപോരാട്ടത്തിലൂടെയാണ് ഫോർവീൽ ലൈസൻസ് നേടിയത്. ഹൈക്കോടതി മുതൽ കേന്ദ്രസർക്കാരിൽ വരെ അപേക്ഷിച്ചു. കാലുകൾകൊണ്ട് ചിത്രങ്ങൾ വരയ്‌ക്കും. സ്റ്റിയറിംഗിൽ നോബ് ഘടിപ്പിച്ച് കാലുകൾ കൊണ്ടാണ് ഓട്ടോമാറ്റിക് സെലീറിയോ കാറോടിക്കുന്നത്. ആക്സിലറേറ്റർ, ബ്രേക്ക് പെഡലുകൾ ഉയർത്തിവച്ച്, കാറിന്റെ നിയന്ത്രണത്തിന് വോയ്സ് കമാൻഡ് സോഫ്റ്റ്‌വെയറും ഘടിപ്പിച്ചു. ഇൻഡിക്കേറ്ററും വൈപ്പറും വിൻഡോയും ലൈറ്റുകളും ശബ്ദത്തിലൂടെയാണ് നിയന്ത്രിക്കുന്നത്. ജിലുവിന് ലൈസൻസ് സമ്മാനിച്ചത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ്.
ജിലുവിന് നാലരവയസുള്ളപ്പോൾ അമ്മ അന്നക്കുട്ടി മരിച്ചു. പിതാവ് തോമസ് രണ്ടു വർഷം മുൻപ് മരിച്ചു.ചെത്തിപ്പുഴയിലെ മെഴ്സി ഹോമിലായിരുന്നപ്പോഴാണ് കാലുകൊണ്ട് എഴുതാൻ പഠിച്ചത്. ഡിസ്റ്റിംഗ്ഷനോടെ പ്ലസ് ടു പാസായി. ആനിമേഷൻ, ഗ്രാഫിക് ഡിസൈനിൽ ബിരുദമെടുത്തു. ഇപ്പോൾ സ്വന്തമായി ഗ്രാഫിക് ഡിസൈനിംഗ് നടത്തുന്നു. ഡബിംഗ് ആർട്ടിസ്റ്റായും പ്രോജക്ട് മാനേജരായുമൊക്കെ തിളങ്ങിയിട്ടുണ്ട്.
'കൈകളില്ലാത്തത് ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ഒരു പരിമിതിയും തടസമാവരുത്. ഒരിക്കലും പ്രതീക്ഷ കൈവിടരുത്".
-ജിലുമോൾ
മറ്റുപുരസ്കാരങ്ങളും നൽകി
ഡോ. എം.ആർ. രാഘവവാര്യർ കേരളജ്യോതി പുരസ്‌കാരവും, പി.ബി. അനീഷ് (കൃഷി), രാജശ്രീവാര്യർ (കല) എന്നിവർ കേരളപ്രഭ പുരസ്‌കാരവും ഷഹൽ ഹസൻ മുസലിയാർ (വിദ്യാഭ്യാസം), എം.കെ. വിമൽ ഗോവിന്ദ് (സ്റ്റാർട്ടപ്പ്), അഭിലാഷ് ടോമി (കായികം) എന്നിവർ കേരളശ്രീ പുരസ്‌കാരവും ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി.
ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി മിൻഹാജ് അലം പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. ലോക്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അദ്ധ്യക്ഷനായിരുന്നു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, എം. ലിജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |