
തിരുവനന്തപുരം: ലോക്ഭവനിൽ പൂർണ്ണമായി വെജിറ്റേറിയൻ ഭക്ഷണം മതിയെന്ന് പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ നിർദേശം നൽകി. ഗവർണർക്ക് രാജസ്ഥാൻ ഭക്ഷണമൊരുക്കാൻ അവിടെ നിന്നുള്ള പാചകക്കാരെ എത്തിച്ചിട്ടുണ്ട്. സിക്കിമിൽ രണ്ട് വർഷവും രണ്ടര മാസവും പൂർത്തിയാക്കിയിട്ടാണ് കേരളത്തിന്റെ ഗവർണറായി ചുമതലയേൽക്കുന്നത്.
ലോക്ഭവൻ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നാണു നിർദ്ദേശം. ജീവനക്കാർക്ക് വീടുകളിൽ നിന്ന് ഭക്ഷണം കൊണ്ടുവരുന്നതിനോ പുറത്തുപോയി ഇഷ്ടഭക്ഷണം കഴിക്കുന്നതിനോ നിയന്ത്രണമില്ല.
ലോക്ഭവനിൽ നിന്ന് ഗവർണർക്കും പേഴ്സണൽ സ്റ്റാഫംഗങ്ങൾക്കും ഏതാനും ഉദ്യോഗസ്ഥർക്കുമാണ് ഭക്ഷണം നൽകുന്നത്. അതിഥികൾക്കും ഇനി സസ്യാഹാരമാവും വിളമ്പുക.
മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ കാലത്ത് നോൺ-വെജിറ്റേറിയൻ ഭക്ഷണത്തിന് വിലക്കില്ലായിരുന്നു. ഗോവക്കാരനായ ആർലേക്കറുടെ കാലത്ത് മത്സ്യവിഭവങ്ങളടക്കം വിളമ്പിയിരുന്നു. അതിഥികളും ജീവനക്കാരും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിൽ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നില്ല.
''പ്രകൃതിയുടെ സൗന്ദര്യവും പാരമ്പര്യത്തിന്റെ മഹിമയും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം. സ്നേഹവും സൗഹാർദ്ദവും നിറഞ്ഞ ഈ മണ്ണിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നു''
-ഓം പ്രകാശ് മാഥൂർ
നിയുക്ത ഗവർണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |