
തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷനേതാവുൾപ്പെടെ പ്രതിപക്ഷത്തെ അംഗങ്ങൾ വിട്ടുനിന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി.സതീശനും ഹൈക്കോടതി ചീഫ് ജസ്റ്റിസും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും പൊതുഭരണ പ്രിൻസിപ്പൽസെക്രട്ടറി ഡോ.ബി.അശോകും ചേർന്നാണ് വേദിയിലേക്ക് സ്വീകരിച്ചത്.
ഗവർണറുടെ നിയമനഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. പ്രതിപക്ഷനേതാവ് പിണറായി വിജയനോ മറ്റ് പ്രതിപക്ഷനേതാക്കളോ പങ്കെടുത്തില്ല. സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമാംഗ്, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.മുരളീധരൻ, റോജി എം.ജോൺ, സണ്ണി ജോസഫ്, ഷിബു ബേബിജോൺ, സി.പി.ജോൺ, കെ.എ.തുളസി, മേയർ വി.വി.രാജേഷ്, ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ് , അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ എം.വിൻസെന്റ്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി മനോജ് എബ്രഹാം, എ.ഡി.ജി.പി പി.വിജയൻ, ഐ.ജിമാരായ എസ്.ശ്യാംസുന്ദർ, ആർ.നിശാന്തിനി തുടങ്ങിയവർ പങ്കെടുത്തു.
രാജസ്ഥാനിൽ നിന്ന് പാചകക്കാർ
തിരുവനന്തപുരം: ഗവർണർ ഓംപ്രകാശ് മാഥൂരിന് രാജസ്ഥാൻ വിഭവങ്ങളുണ്ടാക്കാൻ അവിടെ നിന്ന് രണ്ട് പാചകക്കാരെത്തും. സസ്യാഹാരിയാണ്. കടുകെണ്ണയിലുണ്ടാക്കിയ വിഭവങ്ങളാണ് പ്രിയം. അതിനാൽ ലോക്ഭവനിലെ അടുക്കളയിൽ മത്സ്യമോ മാംസമോ പാചകം ചെയ്യേണ്ടതില്ലെന്ന് ഗവർണർ നിർദ്ദേശിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദൽ സ്വദേശിയാണ് മാഥൂർ. അവിവാഹിതനാണ്. രാജസ്ഥാനിൽ നിന്ന് 15 ബന്ധുക്കൾ സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തിയിരുന്നു. ഇവരെല്ലാം രണ്ട് ദിവസത്തിനകം തിരിച്ചു പോവും.
മറ്റുള്ളവർക്ക് സസ്യേതരമാകാം
ഗവർണർക്കുള്ള ഭക്ഷണം മാത്രമാണ് ഇവിടെയുണ്ടാക്കുന്നതെന്ന് ലോക്ഭവൻ വിശദീകരിച്ചു. മിക്ക ജീവനക്കാർക്കും ക്വാർട്ടേഴ്സുണ്ട്. ഏതാനും പേർ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരുന്നവരാണ്. അവർക്കൊന്നും മാംസാഹാരത്തിന് വിലക്കില്ലെന്ന് ലോക്ഭവൻ വ്യക്തമാക്കി. മുൻ ഗവർണർമാരായിരുന്ന ആരിഫ് മുഹമ്മദ് ഖാനും ആർ.വി.ആർലേക്കറും നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |