
കൊച്ചി: വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് പുതിയ ചെയർമാനെയും അംഗങ്ങളെയും നിയമിച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻബെഞ്ച് നിരസിച്ചു. പുതിയ ചെയർമാനും അംഗങ്ങൾക്കും പ്രത്യേകദൂതൻ വഴി നോട്ടീസിന് ഉത്തരവായി. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. സ്റ്റേ ആവശ്യം സിംഗിൾബെഞ്ചും തള്ളിയിരുന്നു. അതു ചോദ്യം ചെയ്തും തങ്ങളെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും മുൻ ചെയർമാൻ കെ.എസ്.ഹംസയും അംഗമായിരുന്ന ഉസ്മാൻ ഹാജിയുമാണ് അപ്പീൽ നൽകിയത്. പുതിയസമിതി പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ സ്റ്റേ സാദ്ധ്യമല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. മുസ്ലിം ഇതര അംഗങ്ങളെയും ഷിയ, ബോറ, അഗാഖനി വിഭാഗങ്ങളെയും ഫെബ്രുവരി നാലിലെ ഉത്തരവ് പ്രകാരം രൂപീകരിച്ച ബോർഡിലേക്ക് നോമിനേറ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യഹർജി ഡിവിഷൻബെഞ്ചിന്റെ പരിഗണനയിലാണെന്ന് അപ്പീൽ ഹർജിയിൽ പറയുന്നു.
വിജിലൻസ് അന്വേഷണം: വിശദീകരണം തേടി
കൊച്ചി: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് 2016ൽ ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി വഖഫ് ബോർഡിന്റെയും സർക്കാരിന്റെയും വിശദീകരണം തേടി. അന്വേഷണത്തിന് രണ്ടുതവണ വിജിലൻസ് കോടതി ഉത്തരവുണ്ടായിട്ടും നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര സ്വദേശി ടി.എം. അബ്ദുൾ സലാം നൽകിയ ഹർജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ പരിഗണിച്ചത്. ആരോപണ വിധേയരിൽ ഒരാളായ മുൻ ഭരണസമിതിയംഗമായ എം.സി. മായിൻ ഹാജിയാണ് പുതിയ ബോർഡ് ചെയർമാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |