SignIn
Kerala Kaumudi Online
Saturday, 24 October 2026 2.23 AM IST

പ്രതിജ്ഞയ്ക്ക് പിന്നാലെ ഗുരുകടാക്ഷം തേടി ഗവർണർ

1

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ, ഗവർണർ ഓംപ്രകാശ് മാഥൂർ നേരെ പോയത് ശ്രീനാരായണ ഗുരുദേവനെ വണങ്ങാൻ മ്യൂസിയം ജംഗ്ഷനിലേക്ക്. ഗുരുദേവന്റെ പ്രതിമയ്ക്ക് മുന്നിൽ വിളക്കുകൊളുത്തി പുഷ്പാർച്ചന നടത്തി, കണ്ണുകളടച്ച് പ്രാർത്ഥിച്ചു. ഗുരുദേവന്റെ സർവലോക പ്രാർത്ഥനയായ ദൈവദശകത്തിന്റെ ഹിന്ദി പരിഭാഷ കേട്ടു, മടങ്ങി. തിരിച്ചെത്തിയ ശേഷമാണ് ചുമതലയേറ്റത്.

ലോക്ഭവൻ ഓഡിറ്റോറിയത്തിൽ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക്, കളക്ടർ കെ.എസ്.അഞ്ജു എന്നിവർക്കൊപ്പമാണ് ഗുരുദേവ സന്നിധിയിലെത്തിയത്. ഗുരുദേവനെ വണങ്ങണമെന്ന് വ്യാഴാഴ്ച മാഥൂർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങൾ സർക്കാരിനെ ഇക്കാര്യമറിയിച്ചു.

ചീഫ്‌സെക്രട്ടറി ബിശ്വനാഥ് സിൻഹ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ കെ.ഇമ്പശേഖറിന് ഇതുസംബന്ധിച്ച നിർദ്ദേശം കൈമാറി. തോവാളയിൽ നിന്ന് പൂക്കളെത്തിച്ച് പ്രതിമയും സ്‌ക്വയറും അലങ്കരിച്ചു, ചെറിയ പന്തലുമൊരുക്കി. ചെമ്പഴന്തി എസ്.എൻ കോളേജിലെ അദ്ധ്യാപകനാണ് ദൈവദശകം ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തതെന്ന് ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുപാലൻ ഗവർണറെ ധരിപ്പിച്ചു. എല്ലാംകഴിഞ്ഞാണ് മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും സിക്കിം മുഖ്യമന്ത്രിക്കും സ്പീക്കർക്കുമടക്കം ഒരുക്കിയ വിരുന്നിൽ ഗവർണർ പങ്കെടുത്തത്.

''കേരളത്തിന്റെ മഹാനായ സന്യാസിയും തത്ത്വചിന്തകനും കവിയും പ്രമുഖ സാമൂഹ്യ പരിഷ്‌കർത്താവുമായ ശ്രീ നാരായണ ഗുരുവിന്റെ പ്രതിമയിൽ പ്രണാമമർപ്പിച്ചത് ഭാഗ്യമായി കാണുന്നു''

ഓംപ്രകാശ് മാഥൂർ,
ഗവർണർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA