SignIn
Kerala Kaumudi Online
Monday, 27 July 2026 9.43 PM IST

വിശാഖ് കൊലപാതകം; ആയുധങ്ങൾ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെടുത്തു

READ ENGLISH VERSION
visakh
കൊല്ലപ്പെട്ട വിശാഖ്, കണ്ടെടുത്ത ആയുധങ്ങൾ

തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ പട്ടാപ്പകൽ യുവാവിനെ അയൽവാസിയടക്കം നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. ചമ്പക്കട തൈവിളാകത്ത് വീട്ടിൽ കുമാരി ഷൈലയുടെ മകൻ വിശാഖ് (40) ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളിലൊരാളായ വിനീത് ആണ് കുറ്റിക്കാട്ടിൽ ഒളിപ്പിച്ചിരുന്ന ആയുധങ്ങൾ പൊലീസിന് എടുത്തുനൽകിയത്. മൂന്ന് വെട്ടുകത്തികളാണ് കണ്ടെടുത്തത്.

കൊലയ്ക്കുശേഷം പ്രതികൾ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിക്ക് സമീപം വാഹനം ഉപേക്ഷിക്കുകയും സമീപത്തെ കുറ്റിക്കാട്ടിൽ ആയുധങ്ങൾ ഒളിപ്പിക്കുകയുമായിരുന്നു. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ ആയുധങ്ങൾ ഒളിപ്പിച്ച കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.

വിശാഖിന്റെ അയൽവാസിയും ബന്ധുവുമായ പാൽക്കുളങ്ങര ടിസി 28-459ൽ പ്രദീപ്കുമാറും (39) മറ്റ് മൂന്നു പേരും ചേർന്നാണ് കൊല നടത്തിയത്. പ്രദീപ്കുമാറിനെയും ഒപ്പമുണ്ടായിരുന്ന കരിക്കകം കടയിൽ വീട്ടിൽ മുകേഷ് എന്ന ശിവപ്രസാദ് (39), പേട്ട വൈ.എം.എ റോഡ് മണലിൽ വീട്ടിൽ ചിക്കു എന്ന റസിം (35) , പാച്ചല്ലൂർ തോപ്പടി ആറ്റരികത്ത് വീട്ടിൽ വിനീത് (40) എന്നിവരെയാണ് പൊലീസ് രാത്രിയോടെ അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പാൽക്കുളങ്ങര കൈതമുക്കിന് സമീപം ചമ്പക്കട - നാലുമുക്ക് റോഡിലായിരുന്നു അരുംകൊല നടന്നത്. ഡ്രൈ ക്‌ളീനിംഗ് തൊഴിൽ ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട വിശാഖ്. ഇന്നലെ ഉച്ചയോടെ ഭക്ഷണം കഴിക്കാനായി സ്‌കൂട്ടറിൽ വിശാഖെത്തിയതിന് പിറകെ അക്രമി സംഘം ഓൾട്ടോ കാറിൽ പിന്തുടർന്നെത്തുകയായിരുന്നു. റോഡരികിൽ സ്‌കൂട്ടർ ഒതുക്കി വച്ചശേഷം വിശാഖ് വീട്ടിലേക്ക് കയറുന്നതിനിടെ പ്രതികൾ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കൈയ്ക്കും കാലിനും വയറിനുമാണ് വെട്ടേറ്റത്. രക്തത്തിൽ കുളിച്ചുകിടന്ന വിശാഖിനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വർഷങ്ങൾ നീണ്ട വഴി, അതിർത്തി തർക്കമാണ് കൊലപാതകത്തിന് കാരണം.

English Summary

A 40-year-old man was hacked to death in broad daylight in central Thiruvananthapuram. Police recovered three machetes allegedly used in the murder after a suspect led them to the hidden weapons. The accused had abandoned their vehicle near a hospital and concealed the weapons in nearby bushes after the crime.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISAKH MURDER CASE, PALKULANGARA MURDER CASE, VISAKH CASE WEAPONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY