
ചിറ്റൂർ: ബൈക്കിന് കാളവണ്ടി സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മറ്റൊരാൾക്ക് പരിക്കേറ്റു. പാലക്കാട് വടകരപ്പതി ലാലക്കാട് സ്വദേശി ഷാജഹാന്റെ മകൻ മുഹമ്മദ് ഷെഫീഖാണ് (24) മരിച്ചത്. ഷെഫീഖിന്റെ അയൽവാസിയും കാളവണ്ടി യാത്രക്കാരനുമായിരുന്ന നെൽസണാണ് കുത്തിയത്.
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ശനിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം.
കൊഴിഞ്ഞാമ്പാറ പ്ലൈവുഡ് കമ്പനിക്ക് സമീപം രാത്രി എട്ടരയോടെ കാളവണ്ടിയിൽ പോകുകയായിരുന്നു നെൽസണും സുഹൃത്ത് ജെൻസണും. പിന്നിൽ ബൈക്കിലെത്തിയ ഷെഫീഖും സുഹൃത്തുക്കളും ഹോൺ മുഴക്കിയെങ്കിലും സൈഡ് നൽകിയില്ല. തുടർന്ന് ഷെഫീഖ് കാളവണ്ടിക്ക് തൊട്ടടുത്ത് ബൈക്കെത്തിച്ച് റേസ് ചെയ്തു. ഇതിൽ കാളകൾ അസ്വസ്ഥരാകുന്നത് കണ്ട് നെൽസൺ അതിനെ ചോദ്യം ചെയ്തതോടെ വാക്ക്തർക്കമായി. തുടർന്ന് എല്ലാവരും വീടുകളിലേക്ക് മടങ്ങി.
പത്തരയോടെ ഷെഫീഖും സുഹൃത്തും നെൽസന്റെ വീട്ടിലെത്തി വീണ്ടും വഴക്കുണ്ടാക്കി. ഇതിനിടെ നെൽസൺ ഇരുവരെയും കത്തിയെടുത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഷെഫീഖ് ഞായറാഴ്ച പുലർച്ചെ ഒന്നോടെ മരിച്ചു. പരിക്കേറ്റ ഷെഫീഖിന്റെ സുഹൃത്ത് സിംസൺ മാർട്ടിൻ (18) ചികിത്സയിലാണ്. ഒളിവിൽപോയ നെൽസനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. മുഹമ്മദ് ഷഫീക്കിന്റെ മൃതദേഹം വടകരപ്പതി ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |